ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ ഡി.എം.കെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സഖ്യ കക്ഷികളെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി തമിഴ് നാട്ടിൽ വന്നപ്പോൾ സ്റ്റാലിനായി മൈസൂർ പാക്ക് വാങ്ങിയിരുന്നു. തന്റെ സഹോദരന് നൽകാനാണിതെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. പിന്നീട് സ്റ്റാലിന് ഈ മധുരം നൽകുകയും ചെയ്തിരുന്നു.
മധുരം നൽകിയ രാഹുലിന് മധുരവിജയം സമ്മാനിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. രാഹുലിന്റെ സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ഡി.എം.കെയുടെ കീഴിൽ, കോൺഗ്രസ്-പാർട്ടി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ ഏക പാർലമെൻ്റ് മണ്ഡലവും നേടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൻെറ വിജയം ചരിത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി.ഡി.പി യുടെ ചന്ദ്രബാബു നായിഡുവിൻ്റെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിൻ്റെയും പിന്തുണ കൊണ്ടാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്.
സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നതിനാൽ മോദിക്ക് ഇത് വലിയ തിരിച്ചടി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷം തികക്കാൻ മറ്റുള്ളവരുടെ വാക്കുകൾ മോദിക്ക് കേൾക്കേണ്ടി വന്നെന്നും ഇഷ്ട്ടപ്രകാരം ബി.ജെ.പി ക്ക് ഒന്നുംചെയ്യാൻ കഴിയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. മോദി എട്ട് പ്രാവശ്യം തമിഴ്‌നാട്ടിൽ വന്നു. എന്നാൽ രാഹുലിന്റെ ഒരു മധുരപ്പൊതി മോദിയുടെ ലക്ഷ്യങ്ങളെയെല്ലാം തകർത്തെന്നും മോദിയെ സ്റ്റാലിൻ പരിഹസിച്ചു.
Content Highlight: Stalin claims INDIA bloc’s ‘historic win’ in LS polls