'ഉച്ച നീചത്വങ്ങള്‍ക്കെതിരായ വൈക്കം സത്യാഗ്രഹം'; ആശംസയറിയിച്ച് സ്റ്റാലിനും രാഹുല്‍ ഗാന്ധിയും
national news
'ഉച്ച നീചത്വങ്ങള്‍ക്കെതിരായ വൈക്കം സത്യാഗ്രഹം'; ആശംസയറിയിച്ച് സ്റ്റാലിനും രാഹുല്‍ ഗാന്ധിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 8:12 pm

ന്യൂദല്‍ഹി: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന് ആശംസയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. തമിഴ്‌നാട് നിയമസഭയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ചും സമരത്തിലെ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പങ്കിനെക്കുറിച്ചും സ്റ്റാലിന്‍ പരാമര്‍ശിച്ചത്. സഭയിലെ പ്രസംഗത്തിന്റെ വീഡിയോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തില്‍ നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കാനായി നടത്തിയ പോരാട്ടമാണ് വൈക്കം സത്യാഗ്രഹമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പെരിയോര്‍ പങ്കെടുത്ത പോരാട്ടങ്ങളില്‍ വെച്ച് ഏറ്റവും പ്രശസ്തമായതാണ് വൈക്കത്ത് നടന്ന സമരമെന്നും പില്‍ക്കാലത്ത് രാജ്യത്ത് നടന്ന എല്ലാ ക്ഷേത്രപ്രവേശന പോരാട്ടങ്ങള്‍ക്കും തുടക്കം കുറിച്ചത് വൈക്കത്താണെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തിന് ആശംസകളര്‍പ്പിച്ചത്. മഹാത്മാ ഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പെരിയോറിന്റെയും അധ്യാപനങ്ങള്‍ ഓര്‍ക്കാനുള്ള അവസരമാണ് ഇന്നത്തെ ദിവസമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘മഹാത്മ ഗാന്ധിയുടെയും പെരിയോറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും അധ്യാപനങ്ങള്‍ വീണ്ടും ഓര്‍ക്കാനുള്ള സമയമാണ് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം. ഉച്ചനീചത്വങ്ങള്‍ക്കെതിരെയും വിവേചനത്തിനെതിരെയും പോരാടി രാജ്യത്ത് തുല്യതയും നീതിയും നടപ്പിലാക്കാന്‍ പരിശ്രമിച്ച എല്ലാ മഹാരഥന്മാരെയും ഞാന്‍ അനുസ്മരിക്കുന്നു,’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അരുവിക്കുറ്റിയില്‍ പെരിയോറിന്റെ സ്മാരകം പണിയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കുമെന്നും നിയമ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: Stalin  and rahul gandhi greetings to vaikkom sathyagraham