ചെന്നൈ: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് 100 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാനും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുമാണ് തുക അനുവദിച്ചത്.
ജൂണ്‍ 29 വരെ 353 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ഇതിനോടകം തന്റെ സര്‍ക്കാര്‍ 166.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാടെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.