ചെന്നൈ: ഡി.എം.കെ. നേതാവും എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കനിമൊഴിയുടെ വീട്ടിൽ വൻ തോതിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനാലാണ് റെയ്ഡ് നടത്താൻ തീരുമാനിച്ചതെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വീട്ടിൽ നിന്നും പണം കണ്ടെത്താനായില്ല. തങ്ങൾക്ക് തെറ്റായ വിവരമാകാം ലഭിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഡി.എം.കെ. അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ സഹോദരിയും അന്തരിച്ച ഡി.എം.കെ. അതികായൻ കരുണാധിനിയുടെ മകളുമാണ് തൂത്തുക്കുടി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കനിമൊഴി. കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീടിന്റെ ഒന്നാം നിലയിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.ടി. വകുപ്പിനെയും, സി.ബി.ഐയെയും, നിയമസംവിധാനത്തെയും ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ തന്നെയും ഉപയോഗിക്കുകയാണെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. ‘ബി.ജെ.പി. അധ്യക്ഷൻ തമിഴിസൈ സൗന്ദരരാജന്റെ കോടിക്കണക്കിന് പണം സൂക്ഷിച്ചിട്ടുണ്ട്. എന്താണ് അവിടെ റെയ്ഡ് നടക്കാത്തത്? പരാജയഭീതി കാരണമാണ് ബി.ജെ.പി. ഇത് ചെയ്യുന്നത്.’ സ്റ്റാലിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും റെയ്‌ഡുകൾ നടന്നിരുന്നു. റെയ്‌ഡുകളിൽ സ്വർണത്തിന്റെ രൂപത്തിലും കള്ളപ്പണത്തിന്റെ രൂപത്തിലും 500 കോടിയോളം രൂപയും കണ്ടെടുത്തിരുന്നു. മാർച്ച് മുപ്പതിന് ഡി.എം.കെയുടെ ദുരൈ മുരുഗന്റെ വീട്ടിൽ ആദ്യ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തുകയും 10.50 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നുവെന്ന് ആദായ നികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു.
രണ്ട് ദിവസത്തിന് ശേഷം മറ്റൊരു ഡി.എം.കെ. നേതാവിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണിൽ നിന്നും 11.53 ലക്ഷം രൂപ കണ്ടെടുത്തതായും ആദായ നികുതി വകുപ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം തമിഴ്‌നാട്ടിൽ 18 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു. ഇതിൽ ഭൂരിഭാഗവും പ്രതിപക്ഷത്തുള്ള നേതാക്കളുടെ വീടുകളിലായിരുന്നു.
അതിനിടെ, തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതിയുടേതാണ് നടപടി. ആദായ നികുതി വകുപ്പിന്റെ റെയിഡുകളില്‍ കണക്കില്‍പ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി കൈക്കൊണ്ടത്.