ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെതിരെ വിമര്‍ശനങ്ങളുമായി ഡി.എം.കെ നേതാവ് സ്റ്റാലിന്‍. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തു കൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ലെന്ന് സ്റ്റാലിന്‍ ചോദിച്ചു. തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ പനീര്‍ശെല്‍വത്തിനൊപ്പം നിന്ന സ്റ്റാലിനും പാര്‍ട്ടിയും ബന്ധം മുന്നോട്ട് കൊണ്ട് പോകില്ലെന്ന സൂചന നല്‍കിയാണ് രംഗത്തെത്തിയിരിക്കുന്നത്.
“പനീര്‍ശെല്‍വത്തിന്റെ ഈ നിലപാടുകള്‍ ശരിയല്ല. മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അധികാരം നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് അയാള്‍ സംസാരിക്കുന്നത്.” സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ജയലളിതയുടെ പേര് പനീര്‍ശെല്‍വം ഇപ്പോള്‍ നിലനില്‍പ്പിനായി ഉപയോഗിക്കുകയാണോ എന്ന സംശയവും സ്റ്റാലിന്‍ പ്രകടിപ്പിച്ചു.
“ജയലളിതയുടെ പേര് അയാള്‍ ഉപയോഗിക്കുകയാണ്. ഇത് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ വേണ്ടിയാണ്.” സ്റ്റാലിന്‍ പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുടെ നേതൃസ്ഥാനത്ത് ശശികല എത്തിയതിനു ശേഷം പാര്‍ട്ടിയോട് തുറന്ന പോര് ആരംഭിച്ച പാര്‍ട്ടി മുന്‍ ട്രഷറര്‍ കൂടിയായ പനീര്‍ശെല്‍വം വിഭാഗം തങ്ങളാണ് പാര്‍ട്ടിയുടെ ഔദ്യോദിക വിഭാഗമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ശശികല ജയിലിലായതിനെത്തുടര്‍ന്ന് നേതൃസ്ഥാനത്തെത്തിയ എ. പളനിസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം നേടിയിരുന്നു.
സര്‍ക്കാര്‍ പദ്ധതികളില്‍ ജയലളിതയുടെ പേരുപയോഗിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ നടപടിക്കെതിരെയും സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. സുപ്രിം കോടതി അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ ഒരാളുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.