| Friday, 23rd June 2023, 9:59 pm

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചില്ല; ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ജനാധിപത്യ ശക്തികളെ ഏകോപിപ്പിക്കും: സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പട്‌നയില്‍ വെച്ച് നടന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ പ്രതിപക്ഷ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ.സ്റ്റാലിന്‍. 2024ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ ജനാധിപത്യ ശക്തികളെയും ഏകോപിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പൊതുവായിട്ടുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് തീരുമാനിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും ബി.ജെ.പിയെ ഒരിക്കല്‍ കൂടി വിജയിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് ഞാന്‍ ഊന്നിപ്പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സ്വാധീനമുള്ള ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഏഴ് നിര്‍ദേശങ്ങളാണ് താന്‍ മുന്നോട്ട് വെച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

‘സംസ്ഥാനത്ത് സ്വാധീനമുള്ള ഒരു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഏഴ് നിര്‍ദേശങ്ങളാണ് ഞാന്‍ മുന്നോട്ട് വെച്ചത്. ഇത് സാധ്യമല്ലെങ്കില്‍ സീറ്റ് വിഭജനം പരിഗണിക്കാമെന്നും നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം പാടില്ല. എന്നാല്‍ പൊതുവായിട്ടുള്ള പരിപാടികള്‍ അംഗീകരിക്കണം. ആവശ്യമുള്ളിടത്ത് പൊതു സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

ഇന്ന് പട്‌നയില്‍ വെച്ച് വിശാല പ്രതിപക്ഷ യോഗം ചേര്‍ന്നിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വലിയ വിജയമായിരുന്നുവെന്നും ഈ ഐക്യം തുടരാനാണ് തീരുമാനമെന്നും യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

ജൂലൈ 10നും 11നും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

2024 ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്നതിനെ കുറിച്ചും ഷിംലയില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ യോഗം പ്രതീക്ഷയേകുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറും ബി.ജെ.പിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാറും ബി.ജെ.പിയും രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കാനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പൊരുതുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ചരിത്രത്തെ മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് പ്രതിപക്ഷ ഐക്യത്തിലൂടെ പുതുചരിത്രത്തിന് തുടക്കമിടുകയാണ് പട്നയിലെ പ്രതിപക്ഷ യോഗമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍, ഹേമന്ത് സോറന്‍, ഉദ്ധവ് താക്കറെ, ശരദ് പവാര്‍, ലാലു പ്രസാദ് യാദവ്, ഭഗവന്ത് മന്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, കെ.സി. വേണുഗോപാല്‍, സുപ്രിയ സുലെ, മനോജ് ഝാ, ഫിര്‍ഹാദ് ഹക്കിം, പ്രഫുല്‍ പട്ടേല്‍, രാഘവ് ഛദ്ദ, സഞ്ജയ് സിങ്, സഞ്ജയ് റാവത്ത്, ലാലന്‍ സിങ്, സഞ്ജയ് ഝാ, ഒമര്‍ അബ്ദുള്ള, ടി. ആര്‍. ബാലു, മെഹബൂബ മുഫ്തി, ദിപാങ്കർ ഭട്ടാചാര്യ, തേജസ്വി യാദവ്, അഭിഷേക് ബാനര്‍ജി, ആദിത്യ താക്കറെ, ഡി. രാജ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

CONTENT HIGHLIGHTS: STALIN ABOUT OPPOSITION MEETING

We use cookies to give you the best possible experience. Learn more