| Saturday, 31st October 2020, 6:05 pm

ബീഹാര്‍ തെരഞ്ഞെടുപ്പ്: പപ്പു യാദവിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകര്‍ന്ന് വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ജന്‍ അധികാര്‍ നേതാവ് പപ്പു യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി ഒരുക്കിയ വേദി തകര്‍ന്ന് വീണു. മുസാഫര്‍പൂരിലെ മിനാപൂര്‍ നിയോജകമണ്ഡലത്തില്‍ വോട്ടര്‍മാരോട് സംവദിക്കവെയായിരുന്നു അദ്ദേഹം നിന്നിരുന്ന വേദി തകര്‍ന്ന് വീണത്.

സ്റ്റേജ് തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇക്കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ജെയ്ല്‍ നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഷ്‌കൂര്‍ അഹ്മദ് ഉസ്മാനി വേദിയില്‍ നിന്ന് വീണതും വാര്‍ത്തയായിരുന്നു. ദര്‍ബംഗയില്‍ നടന്ന രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഇദ്ദേഹം വേദിയില്‍ നിന്ന് വീണത്.

അതേ ദിവസം തന്നെ ചമ്പാരനിലെ ബാഗാഹി ദിയോറാജില്‍ നടന്ന ഒരു കോണ്‍ഗ്രസ് റാലിയിലും വേദി തകര്‍ന്ന് വീണ് അപകടമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഇമ്രാന്‍ പ്രതാപ്ഗരി, അഖിലേഷ് സിംഗ് എന്നിവര്‍ പങ്കെടുത്ത റാലിക്കിടെയായിരുന്നു അപകടം.

അതേസമയം ഒക്ടോബര്‍ 28 ന് ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. 71 സീറ്റുകളിലുമായി 55.69 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

നവംബര്‍ മൂന്നിനാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിനുമാണ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Pappu Yadav stage collapses

We use cookies to give you the best possible experience. Learn more