കോഴിക്കോട്: മൂന്നു വര്‍ഷമായി ശമ്പള പരിഷ്‌ക്കരണമില്ലാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കെ.എം.സി.ടി ആയുര്‍വേദ കോളേജില്‍ അധ്യാപക സമരം. നിരവധി തവണ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ കോളേജിലെ അധ്യാപകര്‍ കൂട്ടരാജി സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 20-4-19ന് ആരംഭിച്ച സമരം മാനേജ്മെന്റിന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മാസമാണ് നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ നാല് സീനിയര്‍ അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തു. അധ്യാപകരെ തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് അധ്യാപകര്‍ ഉയര്‍ത്തുന്നത്.
കേരളത്തില്‍ ആയുര്‍വേദ കോളേജുകളുടെ ചരിത്രത്തിലാദ്യമായാണ് അധ്യാപകര്‍ കൂട്ടരാജിയിലേക്ക് പോവുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.
നിലവില്‍ കേരളത്തിലെ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഏറ്റവും കുറവ് ശമ്പളം കൊടുക്കുന്ന കോളേജാണ് കെ.എം.സി.ടി. കോഴിക്കോട്ടെ ഏക സ്വകാര്യ ആയുര്‍വേദ കോളേജാണിത്.
പല തവണയായി മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. കൂടുതല്‍ വര്‍ധനവ് വേണമെന്ന് ആവശ്യപ്പെടുകയല്ല നിലവില്‍ മറ്റ് ആയുര്‍വേദ കോളേജുകളില്‍ കൊടുക്കുന്നതിന് തുല്യമായ ശമ്പളം കിട്ടണമെന്നാണ് ആവശ്യമെന്ന് അധ്യാപകര്‍ പറയുന്നു.
”മറ്റു കോളേജുകളെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ വേതനമാണ് അവിടെ നല്‍കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി യാതൊരു ശമ്പള വര്‍ദ്ധനവും ഇവിടെ നടപ്പാക്കിയിട്ടില്ല. 2018 നവംബറില്‍ തന്നെ അധ്യാപകര്‍ ശമ്പള പരിഷ്‌കരണത്തിനായി നിവേദനം സമര്‍പ്പിച്ചിരുന്നു. അതില്‍ തീരുമാനം ഉണ്ടാകാത്തതിനാല്‍ വീണ്ടും 2019 ജനുവരിയില്‍ നിവേദനം കൊടുത്തപ്പോള്‍ സി.സി.ഐ.എം ഇന്‍സ്പെക്ഷന് ശേഷം പരിഹരിക്കാം എന്നു ഉറപ്പ് കൊടുക്കുകയാണ് ചെയ്തത്. കോളേജുകളുടെ അഫിലിയേഷന് വേണ്ടിയുള്ളതാണ് സി.സി.ഐ.എം ഇന്‍സ്പെക്ഷന്‍. മാര്‍ച്ച് പകുതിയോടെ ഇന്‍സ്‌പെക്ഷന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അത് വരെ നല്‍കാതിരുന്ന ശമ്പളം പഴയ രീതിയില്‍ തന്നെ നല്‍കുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇതേ തുടര്‍ന്ന് പതിനഞ്ചു ദിവസത്തിനുള്ളില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് അധ്യാപകര്‍ നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ നോട്ടീസ് കൊടുത്തു ദിവസങ്ങള്‍ക്കുള്ളില്‍ നാലു അധ്യാപകരെ സര്‍വിസില്‍ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടീസ് ആണ് നല്‍കിയത്. PACTO യുടെ സംസ്ഥാന പ്രസിഡന്റിനേയും യൂണിറ്റ് പ്രസിഡന്റിനേയും മറ്റു രണ്ട് യൂണിറ്റ് ഭാരവാഹികളെയും ആണ് പിരിച്ചുവിട്ടത്. ” അധ്യാപകര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”അടിസ്ഥാന ശമ്പളം 25000 രൂപയുമായിരുന്നു മൂന്നു വര്‍ഷം മുമ്പ്. ഇപ്പോഴും അതേ അവസ്ഥ തന്നെയാണ്. അതേസമയം കേരളത്തിലെ മറ്റു സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഇക്കാലയളവില്‍ വേതന വര്‍ധനയുണ്ടായിട്ടുണ്ട്.” അധ്യാപകര്‍ പറയുന്നു.
അധ്യാപകര്‍ അധികമാണെന്ന് പറഞ്ഞിട്ടാണ് മാനേജ്മെന്റ് ഇവരെ പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ പുറത്താക്കപ്പെട്ടവരെല്ലാം സീനിയര്‍ അധ്യാപകരാണ്. ഒമ്പത് വര്‍ഷവും ഏഴ് വര്‍ഷവും നാല് വര്‍ഷവുമൊക്കെ സ്ഥാപനത്തില്‍ പരിചയ സമ്പത്തുള്ളവരെയാണ് പുറത്താക്കിയിരിക്കുന്നത്.
ആരുടെയും ജോലി സ്ഥിരമല്ലെന്നതിനാല്‍ തൊഴില്‍ പ്രശ്നമുണ്ടെങ്കിലും മറ്റു ജീവനക്കാരും പ്രതികരിക്കാത്ത സാഹചര്യമുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. കെ.എം.സി.ടിയുടെ മറ്റു കോളേജുകളിലും ശമ്പള വര്‍ധനവ് വളരെ കുറവാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ശമ്പള വര്‍ധനവ് മാത്രമല്ല വേതനം ലഭിക്കുന്നതിലുള്ള കാല താമസവും മറ്റു ആനുകൂല്യങ്ങളായ പ്രോവിഡന്റ് ഫണ്ട്, ഏണ്‍ഡ് ലീവ്, പ്രസവാവധി, മെഡിക്കല്‍ ലീവ് തുടങ്ങിയ അനുവദിക്കാത്തതും പ്രശ്നമായി അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.
കോളേജുമായി സാധാരണയായി വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കേണ്ട സി.എം.ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എജുക്കേഷന്‍), ആര്‍.ഒ.ടി.പി ( റീ-ഓറിയന്റേഷന്‍ ട്രെയിനിങ് പ്രോഗ്രാം) തുടങ്ങിയ പദ്ധതികള്‍ അധ്യാപകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാന്‍ മാനേജ്മെന്റ് തയ്യറായിട്ടില്ല. കൂടാതെ യു.ജി.സി നിര്‍ദേശപ്രകാരമുള്ള പി.എച്ച്.ഡി മുതലായ അധ്യാപകരുടെ ഉന്നത വിദ്യാഭ്യാസത്തിനും മാനേജ്മെന്റ് തടസ്സം നില്‍ക്കുന്നതായി അധ്യാപകര്‍ പറയുന്നു.

കുട്ടികളുടെ അടിസ്ഥാനാവശ്യങ്ങളായ ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മാനേജ്മെന്റ് അനാസ്ഥ കാണിക്കുന്നുവെന്നും കുട്ടികളില്‍ നിന്ന് അനാവശ്യ ഫീസ് ഈടാക്കുന്നുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു.