| Monday, 20th April 2020, 9:55 am

അഫ്ഗാനിസ്താന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ 40-ഓളം പേര്‍ക്ക് കൊവിഡ്: രാജ്യത്തിന് പുതിയ പരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം  പ്രസിഡന്റിന് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പ്രസിഡന്റിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊട്ടാരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 40 പേരില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും പ്രസിഡന്റിന്റെ ഓഫീസ് ചീഫ് സ്റ്റാഫുകളും ഉള്‍പ്പെടുന്നു.കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന 100 ലേറെ പേര്‍ക്ക് കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയിലാണ് 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ക്വാരന്റീനിലാണെന്നാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്താനില്‍ നിലവില്‍ 1000 ത്തില്‍ താഴെ മാത്രമേ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 33 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

എന്നാല്‍ രാജ്യത്ത് കണക്കുകളേക്കാളധികം പേര്‍ക്ക് കൊവിഡ് വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് വിദ്ഗധരുടെ അഭിപ്രായം.

7000 ത്തോളം കൊവിഡ് ടെസ്റ്റുകള്‍ മാത്രമേ അഫ്ഗാനിസ്താനില്‍ നടത്തിയിട്ടുള്ളൂ. രാജ്യത്തെ തകര്‍ന്ന ആരോഗ്യമേഖലയും സാമ്പത്തിക മേഖലയും കാരണം സുരക്ഷാ മുന്‍കരുതലുകളില്‍ അഫ്ഗാനിസ്താന്‍ പിറകിലാണ്.
ഒപ്പം അയല്‍രാജ്യമായ ഇറാനില്‍ 80000 ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഫ്ഗാനിസ്താനിലും കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യത. ഇറാനില്‍ ജോലി ചെയ്യുന്ന 1,50000 ത്തോളം അഫ്ഗാനിസ്താന്‍ പൗരന്‍മാര്‍ മാര്‍ച്ചില്‍ രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടുണ്ടായിരുന്നു.

നേരത്തെ ഐ.എം.എഫിന്റെ കൊവിഡ് അടിയന്തര സഹായം അഫ്ഗാനിസ്താന് പ്രഖ്യാപിച്ചിരുന്നു. താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കവെയാണ് രാജ്യത്ത് കൊവിഡ് വ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more