| Saturday, 6th June 2015, 12:30 pm

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കല്‍; മാതൃഭൂമി ഓഫീസിലേക്ക് പത്രപ്രവര്‍ത്തകരുടെ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.യു.ഡബ്ലു.ജെ മാതൃഭൂമി സെല്‍ മുന്‍ സെക്രട്ടറിയും മലപ്പുറം ജില്ലാകമ്മിറ്റി സെക്രട്ടറിയുമായ സി. നാരായണനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

പകപോക്കലിന്റെ ഭാഗമാണ് നടപടിയെന്ന് കെ.യു.ഡബ്ലു.ജെ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജൂണ്‍ 8 തിങ്കളാഴ്ച കെ.യു.ഡബ്ലു.ജെ യുടെ നേതൃത്വത്തില്‍ കോഴിക്കോട് മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ. പ്രേമനാഥും, ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭനും അറിയിച്ചു.

മജീദിയ വേജ്‌ബോര്‍ഡ് പ്രകാരമുള്ള വേതനം ആവശ്യപ്പെട്ടതിന് മാതൃഭൂമി സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരെ പലതരത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് കെ.യു.ഡബ്ലു.ജെ ആരോപിച്ചു. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സമരപരിപാടികളില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു.

പത്രപ്രവര്‍ത്തക ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ പോലും മാനേജ്‌മെന്റ് ഹനിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തുന്നു.മേലധികാരിയോട് മറുത്ത് സംസാരിച്ചുവെന്ന കുറ്റം പറഞ്ഞാണ് നാരായണനെ പുറത്താക്കിയത്. നേരത്തെ ഈ പരാതിയിന്മേലുള്ള അന്വേഷണ നടപടികളുടെ ഭാഗമായി നാരായണനെ സസ്‌പെന്റ് ചെയ്തിരുന്നു.

ഏകപക്ഷീയമായ ഡൊമസ്റ്റിക് ഇന്‍ക്വയറി നടത്തിയാണ് നാരായണനെ മാനേജ്‌മെന്റ് പുറത്താക്കിയത് എന്നാണ് കെ.യു.ഡബ്ലു.ജെ ആരോപിക്കുന്നത്.

നാരായണന്റേതടക്കം പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതുവരെ യൂണിയന്‍ പ്രക്ഷോഭരംഗത്ത് ഉറച്ചുനില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more