'ഞങ്ങള്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പി എന്ന സംഘടന കോളേജില്‍ ഇല്ലായിരുന്നു'; അനില്‍ അക്കര കള്ളം പ്രചരിപ്പിക്കുകയാണെന്ന് സെന്റ് തോമസ്‌ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍
Daily News
'ഞങ്ങള്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പി എന്ന സംഘടന കോളേജില്‍ ഇല്ലായിരുന്നു'; അനില്‍ അക്കര കള്ളം പ്രചരിപ്പിക്കുകയാണെന്ന് സെന്റ് തോമസ്‌ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2017, 8:50 am

 

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എ.ബി.വി.പിക്കാരനായിരുന്നെന്ന അനില്‍ അക്കര എം.എല്‍.എയുടെ വാദം പച്ചക്കള്ളമാണെന്ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍. 1978 ല്‍ സെന്റ് തോമസ് കോളേജ് ചെയര്‍മാനായിരുന്ന എന്‍ രവീന്ദ്രനാഥാണ് അനില്‍ അക്കരയുടെ വാദങ്ങള്‍ കള്ളമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുന്‍ കോളേജ് ചെയര്‍മാന്റെ പ്രതികരണം. കള്ളം പറയരുത് പ്രചരിപ്പിക്കരുത് എന്ന തലക്കെട്ടോടു കൂടി എഴുതിയ കുറിപ്പില്‍ അനില്‍ അക്കരെ പറയുന്നത് കള്ളമാണെന്ന് രവീന്ദ്രനാഥ് പറയുന്നു.


Also Read: മദ്രസയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍: പരാതി നല്‍കുന്നതില്‍ നിന്നും രക്ഷിതാക്കളെ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം


” ഞങ്ങള്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പി എന്ന സംഘടന തൃശ്ശൂരില്‍ തീരെ സാന്നിധ്യമില്ലായിരുന്നു. സെന്റ് തോമസ് കോളേജില്‍ ഒരു അംഗം പോലുമില്ലെന്നായിരുന്നു എന്നതാണ് വസ്തുത. എ.ബി.വിപിയെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എ വ്യഗ്രതപ്പെടുന്നത് ദുരൂഹം തന്നെ”.

ബി.എസ്.സി, എം.എസ്.സി ക്ലാസുകളില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനൊപ്പം പഠിക്കാന്‍ ഭാഗ്യമുണ്ടായിരുന്നെന്നും അന്നു മുതല്‍ക്കെ രവീന്ദ്രനാഥിന്റെ അക്കാദമിക് മികവും ധിഷണാ വൈഭവവും അനുഭവിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കള്ളം പറയരുത്, പ്രചരിപ്പിക്കരുത്
1978ല്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ MScക്ക് പഠിക്കുമ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു ഞാന്‍, SFI ക്കാരനായിട്ട്. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മാനേജരായി വിരമിച്ച് വിശ്രമജീവിതം നയിച്ചു വരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.രവീന്ദ്രനാഥിനൊപ്പം BSc,MSc ക്ലാസുകളില്‍ ഒന്നിച്ചിരുന്നു പഠിക്കാനും പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായിട്ടുണ്ടു്. അന്നു മുതല്‍ തന്നെ സി.രവീന്ദ്രനാഥിന്റെ ധിഷണാ വൈഭവവും അക്കാദമിക് മികവും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. ആയതിന്റെ തുടര്‍ച്ചയും, സ്വാഭാവിക ബഹിര്‍സ്ഫുരണവുമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള അംഗീകാരമെന്നു കരുതുന്നു.
പുകള്‍ പെറ്റ കേരളീയ വിദ്യാഭ്യാസത്തിന് പൊതുവിദ്യാഭ്യാസ യജ്ഞമെന്ന പേരില്‍ നടപ്പാക്കുന്ന നൂതന പദ്ധതികളെയും കൈവരുന്ന ഭാവപകര്‍ച്ചയെയും ഒരു പഴയ സതീര്‍ത്ഥ്യനെന്ന വിധം വലിയ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്. ഒരു പുതിയ ആവേശവും ആനന്ദ നിര്‍വൃതിയുമാണ് ഞങ്ങള്‍ പഴയ സഹപാഠികള്‍ക്കുള്ളത്. വിദ്യാഭ്യാസ കച്ചവടക്കാരും നിക്ഷിപ്ത താല്പര്യക്കാരും ഈ ജനകീയതയെ, ഉള്ളില്‍ അടക്കിപിടിച്ച പ്രതികാര വാഞ്ചയോടെ നോക്കി കാണുമെന്നതു തീര്‍ച്ചയാണ്.
ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ABVP എന്ന സംഘടന തൃശ്ശൂരില്‍ തീരെ സാന്നിദ്ധ്യമില്ലായിരുന്നു. സെന്റ് തോമസ് കോളേജില്‍ ഒരു അംഗം പോലുമില്ലായിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും എന്തിനാണ്, അസംബന്ധം നിറഞ്ഞ കള്ള പ്രസ്താവനകളുമായി ഒരു ജന പ്രതിനിധി രംഗത്തു വരുന്നത്? യശസ് കൂട്ടാന്‍ ഇതും ഒരു മാര്‍ഗ്ഗമാണോ? നമ്മുടെ പൊതുമണ്ഡലത്തിന്റെ ദയനീയമായ ഈ മൂല്യച്ചുതി കാണുമ്പോള്‍ വേദന തോന്നുന്നു. ഇല്ലാത്ത ABVP യെ ഉയര്‍ത്തി കാണിക്കാന്‍ കോണ്‍ഗ്രസ് MLA വ്യഗ്രതപ്പെടുന്നത് ദുരൂഹം തന്നെ.
എന്‍ രവീന്ദ്രനാഥ്
(മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍) തൃശ്ശൂര്‍
സെന്റ് തോമസ് കോളേജ്