കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ എന്ന മുപ്പതുകാരന്‍ നടത്തം ആരംഭിച്ചത്. കേരളത്തില്‍ വലിയ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ അദ്ദേഹം നടന്നപ്പോള്‍ മിക്കവരും പറഞ്ഞിരുന്നത് കേരളം വിട്ടാല്‍ അദ്ദേഹത്തിന് ഒറ്റക്ക് നടക്കേണ്ടി വരും എന്നായിരുന്നു.
എന്നാല്‍ യാത്ര തുടങ്ങി 68 ദിവസം പിന്നിടുമ്പോള്‍ ശിഹാബിന്റെ നടത്തം ഇന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ എത്തിയിരിക്കുകയാണ്. ആയിരത്തിലധികം കിലോമീറ്ററുകള്‍ കടന്നാണ് ശിഹാബ് രാജസ്ഥാനിലെത്തിയിരിക്കുന്നത്.
മലപ്പുറത്ത് നിന്ന് പുറപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് രാജസ്ഥാനിലെത്തുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ശിഹാബിന് അഭിവാദ്യമര്‍പ്പിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
2023ലെ ഹജ്ജ് കര്‍മം ലക്ഷ്യമിട്ടുള്ള ഈ യാത്ര മക്കയിലെത്താന്‍ ഇനിയും ഏഴ് മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയാണ് ശിഹാബ് സൗദി അറേബ്യയില്‍ പ്രവേശിക്കുക. എണ്ണായിരം കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്ന് മക്കയിലേക്ക്. അതിന്റ എട്ടിലൊന്ന് മാത്രമാണ് ശിഹാബ് ഇപ്പോള്‍ യാത്ര ചെയ്തിട്ടുള്ളത്.
കേരളത്തേയും വെല്ലുന്ന സ്വീകരണവും ആള്‍ക്കൂട്ട അകമ്പടിയുമാണ് കര്‍ണാടകയിലും ഗുജറാത്ത്, രാജസ്ഥാന്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശിഹാബിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിഹാബ് നടന്നുനീങ്ങുന്ന വഴികളിലെല്ലാം മതത്തിനതീതമായി ജനങ്ങള്‍ തിങ്ങിക്കൂടുകയാണ്. ഈ വഴികളിലൊക്കെയും പനിനീര്‍ പൂക്കള്‍ വിതറിയാണ് ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കുന്നത്.
പത്ത് കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയില്‍ ശിഹാബിന്റെ കൂട്ട്. നാല് സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങള്‍, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങള്‍ മാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കാനായിരുന്നു യാത്ര തുടങ്ങുമ്പോള്‍ ശിഹാബിന്റെ പ്ലാന്‍.
എന്നാല്‍ ശിഹാബിന്റെ യാത്രാ ഷെഡ്യൂള്‍ ഒരുക്കുന്നതൊക്കെ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെ പ്രതിനിധികളും വിവിധ മത സംഘടനാ പ്രമുഖരും ചേര്‍ന്നാണെന്ന് ശിഹാബിനെ അനുഗമിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു.
നിരവധി പൊലീസുകാര്‍ എല്ലാ ദിവസവും ശിഹാബിന് അകമ്പടി സേവിക്കാനായി എത്തുന്നുണ്ട്. ഉന്നത പൊലീസ് ഉജ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സെലിബ്രിറ്റികളുമടക്കം ഓരോ ദിവസവും അഭിവാദ്യമര്‍പ്പിക്കാന്‍ നേരിട്ടുവരുന്നതും ശിഹാബ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളില്‍ കാണാവുന്നതാണ്.
യാത്രയില്‍ ശിഹാബിനെ കാണാന്‍ തടിച്ചുകൂടുന്നവരുടെ എണ്ണം കൂടുന്നതോടെ ഹൈവേ ബ്ലോക്കാവുന്നത് കാരണം ഇപ്പോള്‍ യാത്രയുടെ ഭൂരിഭാഗവും രാത്രിയും പുലച്ചേയുമാണ് ആക്കിയിട്ടുള്ളത്. പകലാണ് വിശ്രമം. എന്നിട്ടും ജനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നാണ് ശിഹാബ് പറയുന്നത്.
ദിവസവും ശരാശരി 30- 40 കിലോമീറ്റര്‍ ശിഹാബ് നടക്കുന്നുണ്ട്. എന്നാല്‍ ജനത്തിരക്ക് കൂടുമ്പോള്‍ നടത്തത്തിന്റെ വേഗം കുറയുകയാണ്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനബാഹുല്യം കാരണം ഉദ്ദേശിച്ചത്ര ദൂരം നടക്കാന്‍ സാധിക്കുന്നില്ലെന്ന് തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെ ശിഹാബ് തന്നെ പറയുന്നു.
രാജസ്ഥാന്‍ കഴിഞ്ഞാല്‍ പഞ്ചാബാണ് ശിഹാബ് ലക്ഷ്യവെക്കുന്ന അടുത്ത സംസ്ഥാനം. അവിടെ നിന്ന് അയല്‍ രാജ്യമായ പാകിസ്ഥാനിലേക്ക് പ്രവേശിക്കും. പാകിസ്ഥാനില്‍ ശിഹാബിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറുത്തുവരുന്നുണ്ട്. ഇന്ത്യ- പാക് അതിര്‍ത്തിയിലും ശിഹാബിന് വരവേല്‍പ്പ് നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
പാകിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്ന് ശിഹാബിനെ അനുഗമിച്ച് ആരും പോകുന്നില്ലെന്നും അദ്ദേഹം തനിച്ചാണ് പോകുന്നതെന്നും ശിഹാബിന്റെ കൂടെ യാത്ര ചെയ്യുന്ന വ്‌ളോഗര്‍ സജാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കര്‍ണാടകയിലും ഗുജറാത്തിലുമാണ് ശിഹാബിനെ കൂടുതല്‍ ആളുകള്‍ സ്വീകരിച്ചതെന്നും സജാദ് പറഞ്ഞു.
’45 ദിവസം തമ്പടിച്ച് നിന്ന് ദല്‍ഹിയിലെ വിദേശകാര്യ ഓഫീസുകളില്‍ കയറിയിറങ്ങിയാണ് ശിഹാബ് രേഖകള്‍ ശരിയാക്കിയത്. പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ വിസ സംഘടിപ്പിക്കാന്‍ കുറച്ചുകടമ്പകളുണ്ടായിരുന്നു.
നിലവില്‍ ഞങ്ങള്‍ ഗുജറാത്തിലെ ഒരു ഫാമിലിയുമായി ബന്ധപ്പെട്ടപ്പോള്‍ പാകിസ്ഥാനിലുള്ള അവരുടെ ബന്ധുക്കള്‍ പറയുന്നത് ശിഹാബിനെ നവമാധ്യമങ്ങളിലൂടെ അറിഞ്ഞ ആളുകള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നാണ്.
ആധുനിക ഗതാഗത സൗകര്യങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് നിരവധി ഇന്ത്യക്കാര്‍ മക്കയിലേക്ക് നടന്ന് പോയി ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ഇങ്ങനെ ഹജ്ജിന് പോയവരുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ നിന്ന് ആരും നടന്നുപോയതായി ചരിത്ര രേഖകളിലില്ല.
ഈ കാലത്ത് ആത്മീയ താത്പര്യത്തോടെ ഒരു മുസ്‌ലിം യുവാവ് എടുത്ത തീരുമാനമാണ് രാജ്യാതിര്‍ത്ഥി കടന്നും ബഹുമാനിക്കുന്നത്.
ഇത് വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനും ചെറിയ കാരണമാകുന്നുണ്ട്. നിലവില്‍ ശിഹാബിന് ഒരു സെലിബ്രിറ്റി സ്റ്റാറ്റസുണ്ട്. അത് അഹങ്കാരമാകരുതെന്നാണ് വിശ്വാസപരമായി ശിഹാബ് പ്രാര്‍ത്ഥിക്കുന്നത്. അതാണ് വലിയ സ്വീകരണങ്ങള്‍ക്കിടയിലും ശിഹാബ് ഞങ്ങളോട് പറയുന്നത്,’ സജാദ് പറഞ്ഞു.
ഇതിനിടയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശിഹാബിന് ലഭിക്കുന്ന സ്വീകാര്യതയെയും ഇപ്പോള്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ പ്രസക്തിയെയും സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പിന്നിട്ട യാത്രകളില്‍ നാനാജാതി മനുഷ്യരുടെ ആശിര്‍വാദങ്ങളും വിവിധ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ശിഹാബിന് ലഭിച്ച സ്വീകാര്യതയും യാത്രക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റികളെ അദ്ദേഹം അഭിസംബോധന ചെയ്തതുമൊക്കെയും രാഷ്ട്രീയപരമായിക്കൂടി ശിഹാബിന്റെ യാത്രയെ ഒരുപടി ഉയര്‍ത്തുന്നുണ്ട്. സംഘപരിവാര്‍ ഏറെ നാളായി ഭരിക്കുന്ന ഗുജറാത്ത് പോലെയൊരു സംസ്ഥാനത്ത് ഒരു മുസ്‌ലിം യുവാവ് ഉണ്ടാക്കിയെടുത്ത പരിഗണനയും ഈ ചര്‍ച്ചയിലെ പ്രധാന രാഷ്ട്രീയ വിഷയമാണ്.
തന്നെ അറിയാത്ത താന്‍ അറിയാത്ത നിരവധി പേരുടെ സഹായവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ട് ശിഹാബ് മക്ക ലക്ഷ്യമാക്കി നടക്കുകായാണ്. ഈ യാത്ര 68 ദിവസം പിന്നിടുമ്പോള്‍ ഇതിനോടകം ചെറിയ ചരിത്രം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഈ യാത്ര രാജ്യാതിര്‍ത്തി പിന്നിടുമ്പോള്‍ കൂടുതല്‍ രാഷ്ട്രീയ മാനങ്ങളുണ്ടാകുമോയെന്ന് കാത്തിരിക്കാം.
CONTENT HIGHLIGHT: Special feature about shihab chottur’s Hajj journey