| Saturday, 28th July 2018, 2:34 pm

പെണ്‍കുട്ടികളിലെ പ്രണയരോഗം ചികിത്സിച്ച് മാറ്റുമെന്ന് എസ്.എസ്.എം തര്‍ബ്ബിയ: നിയമനടപടി സ്വീകരിക്കണമെന്ന് സൈക്കോളജിസ്റ്റുകള്‍

ഗോപിക

പ്രണയം ഒരു രോഗമാണ്, അത് മുസ്ലിം പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ്. അതുകൊണ്ട് പെണ്‍കുട്ടികളില്‍ വര്‍ധിച്ച് വരുന്ന പ്രണയരോഗവും അനുസരണക്കേടും പിടിവാശിയും ഇല്ലാതാക്കാന്‍ എസ്.എസ്.എം തര്‍ബ്ബിയ കോട്ടക്കലില്‍ ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയാണ്.

അടുത്ത മാസം 12 ന് സംഘടിപ്പിക്കുന്ന ക്ലാസ്സിന് വിവാഹത്തിന് മുമ്പുള്ള എല്ലാ പെണ്‍കുട്ടികളുമാണ് പങ്കെടുക്കേണ്ടതെന്നാണ് എസ്.എസ്.എം തര്‍ബ്ബിയ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്.

“സൈക്കോളജി പാഠ്യവിഷയമാക്കി പഠനം നടത്തുന്ന വിദ്യാര്‍ഥിയാണ് ഞാന്‍ (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല). വ്യാജ കൗണ്‍സിലിംഗ് വാര്‍ത്തകള്‍ ഇപ്പോള്‍ നിരവധി പ്രദേശങ്ങൡ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് കോട്ടക്കലിലെ എസ്.എസ്.എം തര്‍ബ്ബിയ സംഘടിപ്പിക്കുന്ന പെണ്‍കുട്ടികളിലെ പ്രണയരോഗം ചികിത്സിച്ച് മാറ്റുമെന്ന ക്ലാസ്സുകളുടെ പ്രചരണം നടക്കുന്നത്.


ALSO READ: വ്യക്ത്യധിക്ഷേപങ്ങളിലെയും വ്യാജപ്രചരണങ്ങളിലെയും വര്‍ദ്ധനവ്: സൈബര്‍ നിയമങ്ങള്‍ അപര്യാപ്തമെന്നു പരാതി


കൗണ്‍സിലിംഗിന്റെ പേരില്‍ നടത്തുന്ന ബോധവത്കരണ ക്ലാസ്സുകളെപ്പറ്റി അറിയാനിടയായത്. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇവരുടെ പോസ്റ്ററുകള്‍ വ്യാപിക്കുന്നുണ്ട്.

സൈക്കോളജി പ്രൊഫഷണലായി പഠിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ വ്യാപകമായി രണ്ടുമാസം കൊണ്ട് കൗണ്‍സിലറാകാം, സൈക്കോളജിസ്റ്റ് ആകാം എന്ന വാര്‍ത്തകള്‍ ഇപ്പോള്‍ വ്യാപകമായി കാണുന്നുണ്ട്.

പ്രണയരോഗം മാറ്റിത്തരും എന്ന വാഗ്ദാനത്തോടെയാണ് ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൈക്കോളജിയില്‍ ഡി.എസ്.എം രീതിയനുസരിച്ചുള്ള രോഗനിര്‍ണ്ണയമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഈ രോഗങ്ങളുടെ കാറ്റഗറിയില്‍ എവിടെയാണ് പ്രണയരോഗം എന്ന രോഗമുള്‍പ്പെട്ടിട്ടുള്ളത് എന്നറിയില്ല.

ബീഹേവിയറല്‍ മോഡിഫിക്കേഷന്‍ ക്ലാസ്സ് എന്നാണ് പോസ്റ്ററില്‍ പറഞ്ഞത്. അപ്പോള്‍ ക്ലാസ്സ് കഴിഞ്ഞാല്‍ ബിഹേവിയറില്‍ മാറ്റം വരുമോയെന്ന ചോദ്യത്തിന് ഇതൊരു മതപഠന ക്ലാസ്സാണെന്നും അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മതപഠനത്തിന്റെ ഭാഗമായിട്ടാണ് ക്ലാസ്സെടുക്കുന്നതെങ്കില്‍ അതിനനുസരിച്ച് പോസ്റ്ററില്‍ രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ പ്രണയം രോഗം എന്ന പേരില്‍ നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ സൈക്കോളജി കൗണ്‍സിലിംഗ് മേഖലയില്‍ തന്നെ അപവാദമാണ് ഉണ്ടാക്കുന്നത്.

ആര്‍ക്കും ആരെയും കൗണ്‍സിലിംഗ് ചെയ്യാം. സൈക്കോളജി പഠിച്ചാല്‍ മാത്രമേ കൗണ്‍സിലിംഗ് ചെയ്യാന്‍ പറ്റു എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. ജീവിതാനുഭവങ്ങളും ക്രിട്ടിക്കലായി ചിന്തിക്കുന്നവര്‍ക്കും മറ്റുള്ളവരെ ബോധവത്കരണം നടത്താന്‍ അര്‍ഹതയുണ്ട്. പക്ഷെ മനസ്സിലാകാത്തത് പോസ്റ്ററില്‍ ബന്ധപ്പെട്ട സംഘാടകര്‍ എഴുതിയ പ്രണയരോഗം എന്ന വാക്കാണ്.

മാനസികരോഗങ്ങളുടെ കാറ്റഗറിയില്‍ എങ്ങനെയാണ് പ്രണയം ഒരു രോഗമായി മാറിയത്. എല്ലാ രോഗത്തിനും അതിനെ നിശ്ചയിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. അതൊന്നും വിശദീകരിക്കാതെ പ്രണയരോഗമാണ് എന്ന് പറഞ്ഞ് മതപഠനത്തിന്റെ ഭാഗങ്ങളും ചേര്‍ത്ത് ചെറിയ പെണ്‍കുട്ടികളെ തെറ്റായ വഴിയിലേക്ക് എത്തിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നാണ് തോന്നുന്നത്.


ALSO READ: പടന്ന, ഐ.എസിലേക്ക് നാടുവിട്ട് പോയവരുടെ മണ്ണല്ല; സാംസ്‌ക്കാരിക സമ്പന്നതയുടെ നാടാണ്


പോസ്റ്ററില്‍ കൃത്യമായി പറയുന്നുണ്ട് എട്ടാം ക്ലാസ്സിന് മുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളുമാണ് ഇതില്‍ പങ്കെടുക്കേണ്ടതെന്ന്. കുട്ടികളെ ഇത്തരത്തില്‍ പേടിപ്പിച്ച് നിര്‍ത്തുകയെന്ന രീതിയില്‍ മാതാപിതാക്കളെ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇവര്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന തോന്നിപ്പോകുകയാണ്.

മുസ്‌ലിം കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ കൗണ്‍സിലിംഗ് പരിപാടികള്‍ നടക്കുന്നതെന്ന് പോസ്റ്റര്‍ കാണുമ്പോള്‍ മനസ്സിലാകുന്നുണ്ട്. മുസ്‌ലിം മത പണ്ഡിതരും ചില സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ ചിലരാണ് ക്ലാസ്സുകള്‍ നയിക്കുന്നതെന്നാണ് എസ്.എസ്.എം തര്‍ബ്ബിയയുമായി ബന്ധപ്പെട്ടപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്.

ഇതിപ്പോള്‍ ആദ്യമായല്ല. കേരളത്തിന്റെ പലഭാഗങ്ങളിലും ഇതേ രീതിയില്‍ വ്യാജ ബോധവത്കരണ ക്ലാസ്സുകള്‍ നടക്കാറുണ്ട്. മുവാറ്റുപുഴ, പത്തനംതിട്ട ഭാഗങ്ങളിലും ഇത്തരത്തില്‍ ക്ലാസ്സുകള്‍ നടത്തുന്നുവെന്ന പോസ്റ്ററുകള്‍ ഇതിനു മുമ്പും പ്രത്യക്ഷപ്പെട്ടിരുന്നു.

സൈക്കോളജി പ്രൊഫഷനെ തന്നെ ഇല്ലാതാക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ് ഒരുവിഭാഗം സൈക്കോളജിസ്റ്റുകളും കൗണ്‍സിലേഴ്‌സും രംഗത്തെത്താന്‍ ഒരുങ്ങുന്നതായും അവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ ഒരിക്കലും സ്വീകാര്യത ലഭിക്കില്ലെന്ന ധാരണ ഇല്ലാതാക്കുന്നതാണ് ഈ ക്ലാസ്സിനായി രജിസ്റ്റര്‍ ചെയ്തിരുന്നവരുടെ എണ്ണത്തിന്റെ ലിസ്റ്റ്.

ഏകദേശം 50 പേര്‍ക്കായി നടത്തുന്ന ക്ലാസ്സില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെന്നും ഇനി രജിസ്‌ട്രേഷന്‍ നടത്തില്ലെന്നും എസ്.എസ്.എം തര്‍ബ്ബിയ്യ അധികൃതര്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടല്ല ആണ്‍കുട്ടികള്‍ക്കുവേണ്ടിയും തങ്ങള്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

കെമിസ്ട്രി ഓഫ് ലൗവ്, എവര്‍ ലാസ്റ്റിങ് എന്‍ജോയ്മെന്റ്, ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തുടങ്ങി മൂന്നു വിഷയങ്ങളായി തിരിച്ച ക്ലാസില്‍ ഡോ. ടി എ സാലിം ഫൈസി, റഷീദ് ബാഖവി, വി.പി സഫ്വാന്‍ ഫൈസി എന്നിവര്‍ ക്ലാസെടുക്കുന്നുണ്ട്. ഈ വരുന്ന ഓഗസ്റ്റ് 12 ന് കോട്ടയ്ക്കലാണ് ക്ലാസ്സ്.

എന്നാല്‍ മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യം വെച്ചും അതില്‍ തന്നെ പെണ്‍കുട്ടികളുടെ ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങളെ മാനിക്കാത്ത രീതിയിലുമുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാണ് സൈക്കോളജി വിദ്യാര്‍ഥികളടക്കം പറയുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more