| Monday, 29th April 2019, 8:07 pm

എസ്.എസ്.എൽ.സി. ഫലം മേയ് എട്ടിന് മുൻപ് പ്രഖ്യാപിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഈ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം മേയ് എട്ടിന് മുൻപായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാപേപ്പറുകളുടെ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്. ടാബുലേഷനും അതുപോലെയുള്ള മറ്റു നടപടികളും അധികം വൈകാതെ തന്നെ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്.

2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്‌ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാർച്ച് പതിമൂന്നിന് മുതൽ 28 വരെ ആയിരുന്നു എസ്.എസ്.എൽ.സി. പരീക്ഷകൾ നടന്നത്.

മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മൂല്യനിര്‍ണയത്തിൽ, ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെ ആയിരുന്നു. രണ്ടാം ഘട്ടം നടന്നത് 16 നും 17 നും, മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25നുമാണ് പുനരാരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് മൂല്യനിർണ്ണയം നടന്നത്.

We use cookies to give you the best possible experience. Learn more