| Wednesday, 20th May 2020, 10:58 am

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം മാത്രമേ ഈ പരീക്ഷകള്‍ നടത്തുകയുള്ളൂവെന്നാണ് അറിയുന്നത്.

നേരത്തെ മെയ് 26 മുതല്‍ പരീക്ഷ നടത്താനായിരുന്നു തീരുമാനം. അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം മാറ്റിയത്.

കേന്ദ്ര ഇടപെടലാണ് പരീക്ഷ മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാമെന്ന് കേന്ദ്രം സര്‍ക്കാരുകളെ അറിയിച്ചിരിക്കുകയാണ്.

നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളില്‍ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ സാമൂഹ്യ സാഹചര്യം അനുകൂലമായ ഘട്ടത്തിലായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. കേരളം കൂടാതെ മറ്റ് ചില സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനോട് പരീക്ഷാ നടത്തിപ്പിന് അനുമതി ചോദിച്ചിരുന്നു.

മെയ് 26-നാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതെല്ലാം സംബന്ധിച്ച് കേന്ദ്രമാനദണ്ഡം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more