എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിലെ ജാതി കോളം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു
Education
എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിലെ ജാതി കോളം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 3:34 pm

കോഴിക്കോട്: ഈ വര്‍ഷത്തെ (2018-19) എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിച്ചത് പുതിയ പരിഷ്‌ക്കാരങ്ങളോടെയാണ്. രജിസ്റ്റര്‍ നമ്പറിനും പേരിനും പുറമെ മാര്‍ക്ക് ലിസ്റ്റില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ജാതി കോളവും കയറിപറ്റിയിരിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലും എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിലെ ജാതിക്കോളം വലിയ ചര്‍ച്ചയാവുകയാണ്. ഇതിന് പിന്നിലെ ഉദ്യേശമെന്തെന്നാണ് പലരുടേയും ചോദ്യം. ഓണ്‍ലൈനില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റ് വെച്ചാണ് പ്ലസ് ടുവിന് അപേക്ഷിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റ് വരാന്‍ കാത്ത് നില്‍ക്കാതെ ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ ഇത് സഹായിക്കുന്നുവെന്ന് ചിലര്‍ പറയുന്നു.മാര്‍ക്ക് ലിസ്റ്റില്‍ ജാതിക്കോളം പ്രത്യക്ഷപ്പെട്ടതിന്റെ വാസ്തവം എന്താണ്.?

എസ്.എസ്.എല്‍.സി ഫലം വന്ന് വൈകാതെ തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. അതിന് മുന്‍പേ പ്രീവ്യൂ സര്‍ട്ടിഫിക്കറ്റുകള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റ് കൂടാതെ ലഭിക്കുന്നതിന് വേണ്ടിയാണ് പ്രീവ്യൂ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്.

എന്നാല്‍ പ്രീവ്യൂ സര്‍ട്ടിഫിക്കറ്റില്‍ പോലും വിദ്യാര്‍ത്ഥികളുടെ പേരും വിവരങ്ങളും തെറ്റില്ലാതെ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയാണ് മാര്‍ക്ക് ലിസ്റ്റില്‍ ജാതി അടക്കം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പരീക്ഷ സെക്രട്ടറിയുടെ വിശദീകരണം.

‘എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റുകള്‍ കൂടാതെ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് വരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്കായ് പ്രിവ്യൂസര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്. പ്രീവ്യൂസര്‍ട്ടിഫിക്കറ്റില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് തിരുത്തുവാനുള്ള അവസരം ലഭിക്കും.ഇത്തവണത്തെ മാര്‍ക്ക് ലിസ്റ്റില്‍ ജാതിയുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് പൂര്‍ണ്ണമായും സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റുകള്‍ കൂടാതെ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയാണ്. ‘ പരീക്ഷാ സെക്രട്ടറി ലാല്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ജാതിക്കോളം മാര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ആശാസ്യമല്ലെന്ന അഭിപ്രായവുമുണ്ട്. എസ്.എസ്.എല്‍.സി ഫലം വന്നതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മാര്‍ക്ക് ലിസ്റ്റ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെയാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നു വന്നത്.