രഞ്ജിത്തിന്റെ സംവിധാനത്തിൽ മലയാളത്തിലെ താരനിരകൾ അണിനിരന്ന സിനിമയായിരുന്നു ‘കേരള കഫെ’. മമ്മൂട്ടി, പൃഥ്വിരാജ്, ജഗതി, സുരേഷ് ഗോപി, ജയസൂര്യ, സലിം കുമാർ, ശ്രീനിവാസൻ, സൂരജ് വെഞ്ഞാറമൂട്, റഹ്മാൻ തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ശിവദ നായരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടി അഭിനയിച്ച സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞ സന്തോഷം പങ്കുവെക്കുകയാണ് ശിവദ.
ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയുടെയും രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിന്റെയും ഓഡിഷന് താൻ പോയിരുന്നെന്നും എന്നാൽ അത് നടന്നില്ലെന്നും ശിവദ പറഞ്ഞു. എന്നാൽ ഇവർ രണ്ട് പേരുടെയും സിനിമയിലേക്കാണ് രഞ്ജിത്ത് തന്നെ വിളിച്ചതെന്നും ശിവദ കൂട്ടിച്ചേർത്തു.
‘ഞാൻ ലാൽ ജോസ് സാറിനെ നീലത്താമരയുടെ ഓഡിഷന്റെ സമയത്ത് കണ്ടിരുന്നു. രഞ്ജിത്ത് സാറിനെ പാലേരി മാണിക്യത്തിന്റെ ഓഡിഷന് പോയപ്പോൾ കണ്ടു. പക്ഷേ രണ്ടു നടന്നില്ല. അത് കഴിഞ്ഞപ്പോൾ ഇവർ രണ്ടുപേരും എടുത്ത ചിത്രത്തിലാണ് രഞ്ജിത്ത് സാർ എന്നെ വിളിച്ചത്. ഇങ്ങനെ ഒരു റോളുണ്ട് വരാൻ പറഞ്ഞു.
എന്റെ ഫസ്റ്റ് മൂവി, ലാൽ ജോസ് സാറിന്റെ കൂടെ രഞ്ജിത്ത് സാർ പ്രൊഡ്യൂസ് ചെയ്യുന്നു. അങ്ങനെയൊരു രീതിയിൽ ആയിരുന്നു. മമ്മൂക്കയാണ് കൂടെയുള്ളത്. മമ്മൂക്കയെ കാണാൻ പോകുകയാണെന്ന് കരുതി ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. പക്ഷേ മമ്മൂക്കയെ കണ്ടില്ല. ഒരു തവണ പോലും കാണാൻ കഴിഞ്ഞില്ല. ശ്രീനിവാസൻ സാറിന്റെ കൂടെയായിരുന്നു.
രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അപ്പുറത്തേക്ക് ഉണ്ടായിരുന്നില്ല. പക്ഷെ മമ്മൂക്കയുടെ സിനിമയിൽ നായികയായിട്ട് അഭിനയിക്കുന്നതിൽ ഞാൻ നല്ല ഹാപ്പി ആയിരുന്നു. മമ്മൂക്കയുടെ നായികയല്ല എന്നാലും അഭിനയിക്കാൻ കഴിഞ്ഞു. ഇങ്ങനെ കണ്ണടച്ചു തുറക്കുമ്പോഴേക്കും എന്റെ സീൻ തീരുമായിരുന്നു. എന്നാലും നായികയായി അഭിനയിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,’ശിവദ പറഞ്ഞു.
Content Highlight: Ssivada about mammooty’s movie