സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശിവദ. മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശിവദക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ തമിഴ് നടന്‍ ശശികുമാറിനെ കുറിച്ച് പറയുകയാണ് നടി.
2014ല്‍ തന്റെ ആദ്യ തമിഴ് സിനിമ റിലീസായത് മുതല്‍ എപ്പോഴാണ് ശശികുമാറിന്റെ നായികയായി അഭിനയിക്കാനാവുകയെന്ന് കാത്തിരിക്കുകയായിരുന്നു എന്നാണ് ശിവദ പറയുന്നത്. 10 വര്‍ഷത്തിന് ശേഷം ഗരുഡന്‍ എന്ന സിനിമയിലൂടെ അത് യാഥാര്‍ത്ഥ്യമായെന്നും നടി പറയുന്നു.
മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ. ശശികുമാര്‍ സ്‌ക്രീനില്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് നേരില്‍ കാണാനെന്നും എല്ലാവര്‍ക്കും ഒരു ജ്യേഷ്ഠനാണ് അദ്ദേഹമെന്നും ശിവദ കൂട്ടിച്ചേര്‍ത്തു.
‘2014ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ റിലീസായത്. അന്ന് മുതല്‍ എപ്പോഴാണ് ശശികുമാര്‍ സാറിന്റെ നായികയായി അഭിനയിക്കാനാവുകയെന്ന് കാത്തിരുന്നു. 10 വര്‍ഷത്തിന് ശേഷം ഗരുഡന്‍ എന്ന സിനിമയിലൂടെ അത് യാഥാര്‍ത്ഥ്യമായി.
സ്‌ക്രീനില്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് അദ്ദേഹം നേരില്‍ കാണാനും. അദ്ദേഹത്തിന്റെ നടത്തം, ശരീരഭാഷ, വസ്ത്രധാരണം എല്ലാം അതേപടിയുണ്ട്. എല്ലാവര്‍ക്കും ഒരു ജ്യേഷ്ഠനാണ് അദ്ദേഹം. സിനിമയില്‍ ഫ്രണ്ട്ഷിപ്പ് എന്നുപറയുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചേ പറയൂ.
ഷൂട്ടിങ് സെറ്റിലും അങ്ങനെ തന്നെയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് നല്ല അനുഭവം തന്നെയാണ്. അദ്ദേഹം മാത്രമല്ല ഗരുഡനില്‍ അഭിനയിച്ച ആരും തന്നെ താന്‍ വലിയ ആളാണെന്ന ഭാവമില്ലാതെ വളരെ ഫ്രണ്ട്ലിയായിട്ടാണ് പെരുമാറിയത്,’ ശിവദ പറയുന്നു.
ആര്‍.എസ്. ദുരൈ സെന്തില്‍കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ നിയോ – നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗരുഡന്‍. ശിവദക്കും ശശികുമാറിനും പുറമെ സൂരി, ഉണ്ണി മുകുന്ദന്‍, രോഷിണി ഹരിപ്രിയന്‍, രേവതി ശര്‍മ, സമുദ്രക്കനി, ആര്‍.വി. ഉദയകുമാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
Content Highlight: Sshivada Talks About Tamil Actor Sasikumar