|

വളരെയധികം കഷ്ടപ്പെട്ടാണ് ആ നടന്‍ ഹാസ്യതാരത്തില്‍ നിന്നും നായകനായി മാറിയത്: ശിവദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. കരിയറിന്റെ തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശിവദക്ക് സാധിച്ചിരുന്നു.

നടി ഏറ്റവും അവസാനമായി അഭിനയിച്ച തമിഴ് ചിത്രമാണ് ഗരുഡന്‍. ആര്‍.എസ്. ദുരൈ സെന്തില്‍കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ശിവദക്കൊപ്പം സൂരി, എം. ശശികുമാര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

സൂരിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പറയുകയാണ് ശിവദ. സൂരി നേരത്തെ നായകനായി അഭിനയിച്ച വിടുതലൈ എന്ന സിനിമ താന്‍ കണ്ടിരുന്നെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ അറിയാമെന്നും നടി പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ.

വളരെയധികം കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ഹാസ്യതാരത്തില്‍ നിന്നും നായകനായി സൂരി മാറിയതെന്നും ശിവദ കൂട്ടിച്ചേര്‍ത്തു. സൂരിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം തന്നെയാണ് ഗരുഡന്‍ എന്ന സിനിമയുടെ മഹാവിജയം അദ്ദേഹത്തിന് നല്‍കിയതെന്നും ശിവദ പറഞ്ഞു.

‘സൂരി സാറിന്റെ ഒപ്പം അഭിനയിച്ചത് വളരെ നല്ല അനുഭവം തന്നെയായിരുന്നു. സൂരി സാര്‍ നേരത്തെ നായകനായി അഭിനയിച്ച വിടുതലൈ എന്ന സിനിമ കണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ അറിയാം. ഗരുഡനില്‍ അദ്ദേഹത്തിന് കോമഡി ചെയ്യുവാനുള്ള സ്‌പേസും ഉണ്ടായിരുന്നു.

അദ്ദേഹം വളരെയധികം കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ഹാസ്യതാരത്തില്‍ നിന്നും നായകനായി ഈ ഉന്നതിയിലേക്ക് എത്തിയതെന്നാണ് ഞാന്‍ മനസിലാക്കിയത്. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലം തന്നെയാണ് ഗരുഡന്‍ എന്ന സിനിമയുടെ മഹാവിജയം അദ്ദേഹത്തിന് നല്‍കിയത്,’ ശിവദ പറയുന്നു.

Content Highlight: Sshivada Talks About Soori

Video Stories