| Thursday, 3rd March 2016, 11:38 am

സി.ബി.എസ്.ഇ ഹിജാബ് നിരോധം: പ്രക്ഷോഭത്തിനുള്ള എം.എസ്.എഫ് നീക്കം തെരഞ്ഞെടുപ്പ് കൗശലം: എസ്.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാഹാളില്‍ ഹിജാബിന് നിരോധം ഏര്‍പെടുത്തിയ തീരുമാനത്തിനെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്‌സ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ്. പ്രക്ഷോഭവുമായി എസ്.എസ്.എഫ് സഹകരിക്കില്ലെന്നും മജീദ് പറഞ്ഞു.

ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്‌സിന്റെ ആദ്യ യോഗത്തില്‍ എസ്.എസ് എഫ് പ്രതിനിധി പങ്കെടുത്തിരുന്നു എന്നതല്ലാതെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നോ ആക്ഷന്‍ കൗണ്‍സിലുമായി സഹകരിക്കുമെന്നോ എസ്.എസ്.എഫ് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്നും ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗത്തില്‍ എസ്.എസ്.എഫ് പങ്കെടുത്തിട്ടില്ലെന്നും അബ്ദുല്‍ മജീദ് വ്യക്തമാക്കി.

സി.ബി.എസ്.ഇയുടെ ഹിജാബ് നിരോധനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നിരിക്കെ മുസ് ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന ഇപ്പോള്‍ സമരത്തിനിറങ്ങുന്നത് നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എസ്.എസ്.എഫ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം സമുദായത്തെ വൈകാരികമായി ഒന്നിപ്പിക്കാനുള്ള നീക്കമാണ് എം എസ് എഫിനെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗ് നടത്തുന്നതെന്നും അത്തരം തിരഞ്ഞെടുപ്പ് കാല കൗശലങ്ങളില്‍ വീണുപോകാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത എസ്.എസ്.എഫിനുണ്ടെന്നും മജീദ് പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് കയ്യിലുണ്ടായിട്ടും അറബിക് സര്‍വ്വകലാശാല വിഷയത്തില്‍ ലീഗ് കാണിച്ച വഞ്ചനയെ തുറന്നു കാണിക്കാന്‍ നട്ടെല്ലുറപ്പില്ലാത്ത വിദ്യാര്‍ത്ഥി സംഘടനക്കൊപ്പം ചേര്‍ന്ന് പരിഹാസ്യരാകാന്‍ എസ്.എസ്.എഫിനെ പ്രതീക്ഷിക്കരുതെന്നും ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more