| Sunday, 8th October 2023, 11:05 pm

പശ്ചിമേഷ്യന്‍ പ്രതിസന്ധിയിലെ ഒന്നാം പ്രതികള്‍ അന്താരാഷ്ട്ര സമൂഹം; യു.എന്‍ ഇസ്രഈല്‍ സംരക്ഷകരാകരുതെന്ന് എസ്.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഐക്യരാഷ്ട്ര സഭ ഇസ്രഈലിന്റെ സംരക്ഷകരാ സംരക്ഷകരാകരുതെന്ന് എസ്.എസ്.എഫ്. അന്താരാഷ്ട്ര കരാറുകള്‍ക്കനുസരിച്ച് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് ഇസ്രഈല്‍ ഫലസ്തീന്‍ പ്രശ്‌നങ്ങളുടെ ആത്യന്തിക പരിഹാരമെന്നും എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

സംഘര്‍ഷമുനമ്പായി മാറിയിരിക്കുന്നു വീണ്ടും ഗസ. കുറ്റകരമായ മൗനം തുടരുന്ന അന്താരാഷ്ട്ര സമൂഹം തന്നെയാണ് പശ്ചിമേഷ്യന്‍ പ്രതിസന്ധിയിലെ ഒന്നാം പ്രതികള്‍. സമാധാന ഉടമ്പടികള്‍ നിരന്തരം ലംഘിക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിനെ നിലക്കുനിര്‍ത്താന്‍ രാജ്യാന്തര സമൂഹത്തിന് കഴിയാതെ പോയതിന്റെ പരിണിതികളാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും എസ്.എസ്.എഫ് പറഞ്ഞു.

അന്താരാഷ്ട്ര കരാറുകളെ കാറ്റില്‍ പറത്തി ഇസ്രഈല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണ് പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെ കാതല്‍ എന്ന് തിരിച്ചറിഞ്ഞ് യു.എന്‍ രക്ഷാസമിതി സത്വര നടപടികള്‍ക്ക് തയ്യാറാകണം. അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ജനീവ കരാര്‍ ലംഘിക്കപ്പെടാതിരിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങള്‍ യു.എന്നിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

1948 മുതല്‍ കടുത്ത അനീതി നേരിടുകയാണ് ഫലസ്തീന്‍ ജനസമൂഹം. ഏഴരപതിറ്റാണ്ടായി തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന യുദ്ധ ദുരിതങ്ങള്‍ സമ്മാനിച്ച ദുസ്സഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഫലസ്തീന്‍ ജനത കടന്നു പോകുന്നത്. മറുഭാഗത്ത് കടുത്ത ഉപരോധം കൊണ്ട് പൊറുതിമുട്ടിക്കുകയാണ് ഇസ്രഈലെന്നും എസ്.എസ്.എഫ് പറഞ്ഞു.

കുടിവെള്ളവും ഭക്ഷണവും പോലും നിഷേധിക്കുന്ന ഇസ്രഈലിന്റെ മനുഷ്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നുപ്രതികരിക്കണം. ഒരു സ്വതന്ത്രരാഷ്ട്രം എന്ന നിലയില്‍ ഫലസ്തീനിന്റെ പരമാധികാരം വിസമ്മതിക്കുന്ന ഇസ്രായേല്‍ നിലപാടുകള്‍ തിരുത്തുന്നതില്‍ അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള പുതിയ സഖ്യകക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഫലസ്തീന്‍ ജനതയുടെ ചെറുത്തു നില്‍പ്പുകളോട് നിരുപാധികം പിന്തുണ നല്‍കുകയാണ് പൊതു സമൂഹം ഇപ്പോള്‍ ചെയ്യേണ്ടത്.

അപ്രായോഗികവും അവധാനതയില്ലാത്തതുമായ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന ഹമാസ് ഫലസ്തീന്‍ ജനതയുടെ നേര്‍വികാരങ്ങളെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്ന ചോദ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഇസ്രയേലിന്റെ ക്രൂരതകളുമായി അവരെ സമീകരിക്കുന്നതില്‍ ശരികേടുകളുണ്ട്. അതേസമയം
അന്താരാഷ്ട്ര ധാരണകളെ മുഴുവന്‍ നിരാകരിക്കുകയും തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ ക്രൂരതകള്‍ തുടരുകയും ചെയ്യുന്ന ഇസ്രാഈലിന് മുന്നിലേക്ക് ഫലസ്തീന്‍ ജനതയെ എറിഞ്ഞു കൊടുക്കുന്ന സമീപനം ബുദ്ധിശൂന്യമായ എടുത്തു ചാട്ടം മാത്രമായി അവശേഷിക്കും. യുദ്ധത്തിന്റെ ദുരന്ത പരിണിതികള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനസമൂഹമായിരിക്കും.

സിവിലിയന്മാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ നീതികരിക്കാന്‍ കഴിയില്ല.
സംഘര്‍ഷത്തില്‍ പക്ഷം പിടിച്ചു എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് പകരം നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഉടന്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയാണ് ലോകരാജ്യങ്ങളുടെ ഉത്തരവാദിത്തം. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാവണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

Content Highlight: SSF said that the United Nations should not be Israel’s protectors

We use cookies to give you the best possible experience. Learn more