ചാവക്കാട്: വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ സച്ചിദാനന്ദന്‍. ഇരുപത്തിയാറാമത് എസ്.എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇരുണ്ട കാലത്തെ പാട്ടുകള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.
കൃത്യമായ അജന്‍ഡകള്‍ നിര്‍മിച്ചു കൊണ്ടാണ് ഭരണകൂടം വര്‍ഗീയതയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഇത്തരത്തിലുള്ള കെട്ടകാലത്ത് അധികാരത്തോട് സത്യം വിളിച്ചുപറയാന്‍ എഴുത്തുകാരന് കഴിയണം. അപ്പോഴാണ് കഥയും കവിതയുമെല്ലാം പ്രതിരോധത്തിന്റെ ആയുധമായി മാറുന്നത്. ഇസ്ലാമോഫോബിയ പ്രത്യക്ഷമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കലാസാഹിത്യ പ്രവര്‍ത്തനം പ്രതിരോധമാണെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
അധികാരത്തിന്റെ ധിക്കാരത്തില്‍ നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷം കുത്തിവെക്കുകയാണ് ഭരണകൂടം. എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ്.
എല്ലാ കലകളുടെയും അടിത്തറ ആത്മീയതയാണ്. എല്ലാത്തരത്തിലുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ എക്കാലത്തും മനുഷ്യന്‍ ശ്രമം നടത്തിയിട്ടുണ്ട്. പ്രതിരോധം ഒരു പരിശ്രമമാണ്. അനീതിക്കെതിരെ നിവര്‍ന്നു നില്‍ക്കാന്‍ ഒരുങ്ങുന്നത് പോലും അത്തരത്തിലുള്ള ഒരു പരിശ്രമത്തിന്റെ ഭാഗമാണ്.
ഭീതിയുടെയും നിരന്തര നിരീക്ഷണങ്ങളുടെയും ഇടയില്‍ രോഷം കൊള്ളാന്‍ പോലും കഴിയാത്ത വിധമാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ദേശസ്‌നേഹത്തെയും ദേശീയ വാദത്തെയും അഭിമാനത്തില്‍ നിന്നും അഹന്തയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയാണിന്ന്. സങ്കുചിതമായ ദേശീയവാദമാണ് ഹിംസയുടെ പ്രഭവം. ചരിത്രത്തിനകത്ത് സവിശേഷമായ രൂപങ്ങളില്‍ ഹിംസ നിലനില്‍ക്കുന്നുണ്ട്. ഹിംസയുടെ അനേകം രൂപങ്ങള്‍ ഒന്നിച്ചു ചേരുമ്പോഴാണ് ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നത്.
ആദിവാസികളും ദളിതരും ഉള്‍ക്കൊള്ളുന്ന അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഐക്യപ്പെടലിലൂടെ മാത്രമേ ഫാഷിസ്റ്റ് ഭീകരതയെ നേരിടാന്‍ കഴിയൂ. മുതലാളിത്വം എല്ലാത്തിനെയും വില്‍പ്പന ചരക്കാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുമായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് രണ്ടു ദിവസത്തെ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്. ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലും കേരളത്തിലെ കലാലയങ്ങള്‍ തമ്മിലുമാണ് മത്സരങ്ങള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സാഹിത്യോത്സവിന് മാറ്റുകൂട്ടി കലാ- സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ വിവിധ സെഷനുകളിലായി പ്രത്യേക ചര്‍ച്ചകളും സംവാദവുമെല്ലാം കോര്‍ത്തിണക്കി സാംസ്‌കാരിക സമ്മേളനവും പുസ്തകോത്സവവും നടക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് നടന്ന പ്രൗഡമായ ചടങ്ങില്‍ തദ്ദേക സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ആണ് സാഹിത്യോത്സവ് ഉദ്ഘാടനം നിര്‍വഹിച്ചത്. എസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇത്തവണത്തെ സാഹിത്യോത്സവ് അവാര്‍ഡ് കവി സച്ചിദാനന്ദന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സമ്മാനിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുരളി പെരുനെല്ലി എം എല്‍ എ, സാഹിത്യകാരന്‍മാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പിരാമനുണ്ണി, വീരാന്‍ കുട്ടി, മാധ്യമ പ്രവര്‍ത്തകന്‍ കെ സി സുബിന്‍, എസ്എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫാറൂഖ് നഈമി, ഐ പി ബി ഡയറക്ടര്‍ എംഅബ്ദുള്‍ മജീദ് പ്രസംഗിച്ചു. എസ് എസ് എഫ് ജന. സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും കെ ബി ബഷീര്‍ നന്ദിയും പറഞ്ഞു.
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ടി എന്‍ പ്രതാപന്‍ എംപി എന്നിവര്‍ സംബന്ധിക്കും.