| Tuesday, 25th October 2022, 8:02 am

അരാജകത്വത്തിന് അവസരമൊരുക്കി ദീപം തെളിച്ചുവെച്ചതുകൊണ്ട് ലഹരി ഉപഭോഗം കുറയില്ല: എസ്.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ദീപം തെളിയിക്കാനുള്ള സര്‍ക്കാര്‍ ആഹ്വാനത്തെ എതിര്‍ത്ത് എസ്.എസ്.എഫ്. ദീപം തെളിച്ചുവെച്ചതു കൊണ്ട് ലഹരി ഉത്പാദകരോ ഉപയോഗിക്കുന്നവരോ അവ ഉപേക്ഷിക്കുമെന്ന് കരുതാനാവില്ലെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍. ജാഫര്‍ പറഞ്ഞു.

സമൂഹം ലഹരിയെ ഏറ്റവും വലിയ വിപത്തായി കാണുമ്പോഴും അതിന്റെ വ്യാപനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ധാര്‍മിക സദാചാര ബോധത്തിലേക്ക് പുതുതലമുറയെ നയിക്കാന്‍ കഴിയണം. ലഹരിക്കെതിരെ ഉപരിപ്ലവമായ ക്യാമ്പയിനുകള്‍ കൊണ്ട് കാര്യമില്ല. സമൂഹത്തെ വഴി നടത്തുന്ന സാമൂഹിക സ്ഥാപനങ്ങളെ ഭീഷണിയായി അവതരിപ്പിക്കുകയും അവയെ തച്ചുതകര്‍ക്കുകയും ലിബറല്‍ അജണ്ടകള്‍ സ്ഥാപിച്ച് അരാജകത്വത്തിന് അവസരമൊരുക്കുകയും ചെയ്ത ശേഷം ലഹരി പോലുള്ള വിപത്തുകളെ കുറിച്ച് ആകുലപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും തിങ്കളാഴ്ച ദീപം തെളിയിക്കാനായിരുന്നു തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആഹ്വാനം ചെയ്തിരുന്നത്. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ലഹരിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന ജനകീയ യുദ്ധമാണ് കേരളത്തില്‍ ആരംഭിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിയമം കര്‍ശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് സ്വീകരിക്കുന്നത്. ലഹരിയുടെ തീവ്രവ്യാപനത്തിന് സാമൂഹികമായ കാരണങ്ങള്‍ കൂടിയുള്ളതിനാലാണ് നിയമ നടപടികള്‍ക്കു പുറമേ സാമൂഹിക പ്രതിരോധം കൂടി സൃഷ്ടിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more