| Tuesday, 25th January 2022, 12:12 pm

കരുതിയിരിക്കുക, സര്‍വ പ്രശ്‌നങ്ങളെയും ഇസ്‌ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫി; എസ്.എസ്.എഫ് നേതാവ് മജീദ് അരിയല്ലൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സര്‍വ പ്രശ്‌നങ്ങളെയും ഇസ്‌ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫിയെന്ന് എസ്.എസ്.എഫ് നേതാവ് മജീദ് അരിയല്ലൂര്‍.

അങ്ങനെ ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന പരിക്ക് മുസ്‌ലിം സമുദായത്തിന് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഇസ്‌ലാമോഫോബിയ. വ്യക്തിപരവും രാഷ്ട്രീയപരവുമായ സര്‍വ പ്രശ്‌നങ്ങളെയും ഇസ്‌ലാമോഫോബിയ കൊണ്ട് തടുക്കാമെന്നതാണ് മൗദൂദിസ്റ്റുകളുടെ ഫിലോസഫി.

അതുണ്ടാക്കി വെക്കുന്ന ദുരന്തം ആഘോഷിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയമാണ് മൗദൂദിസ്റ്റുകളുടെ
മതരാഷ്ട്ര വാദത്തിന്റെ കരുത്ത്. മൗദൂദി സാഹിബ് മുന്നോട്ടുവെച്ച രാഷ്ട്ര നിര്‍മാണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ മത്സര ബുദ്ധിയോടെ വികസിപ്പിക്കുകയാണ് കേരളത്തില്‍ രണ്ട് പാര്‍ട്ടികള്‍. പരീക്ഷണങ്ങള്‍ കരുതിയിരിക്കുക. അതുണ്ടാക്കുന്ന വലിയ പരിക്ക് സമുദായത്തിന് തന്നെയായിരിക്കും,’ മജീദ് അരിയല്ലൂര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവം അഫ്സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നു. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ സാഹചര്യത്തില്‍ കൂടിയാണ് മജീദ് അരിയല്ലൂരിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

ചട്ടം ലഘിച്ച യാത്രക്കാരിയുടെ സ്വത്വവാദ പ്രതിരോധം അനവസരത്തിലെ വാള്‍ വീശലായിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ വിമര്‍ശിച്ചിരുന്നു.

കുറ്റകൃത്യത്തിന് ഡിഫന്‍സായി സ്വത്വ വസ്ത്രമുപയോഗിച്ച ദൃശ്യങ്ങള്‍ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്. ഏത് വസ്ത്രമിട്ട് നാടിന്റെ ചട്ടം ലംഘിച്ചാലും അത് ലംഘനമാണ് എന്ന് പറയലാണ് മതേതരത്വമെന്നുമാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാനായി ചില നിഗൂഢശക്തികള്‍ സംഘടിതമായ ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു സംഭവത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞിരുന്നത്.

CONTENT HIGHLIGHTS:  SSF leader Majeed Ariyalloor says Maudoodists’ philosophy is to prevent all problems with Islamophobia

We use cookies to give you the best possible experience. Learn more