സലഫിസത്തെ ന്യായീകരിക്കുന്നത് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യം; യൂത്ത് ലീഗിന് സലഫി വിധേയത്വമെന്നും എസ്.എസ്.എഫ്
Daily News
സലഫിസത്തെ ന്യായീകരിക്കുന്നത് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യം; യൂത്ത് ലീഗിന് സലഫി വിധേയത്വമെന്നും എസ്.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th November 2016, 10:09 am

കോഴിക്കോട്: ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി ഇന്ധനം നല്‍കുന്ന സലഫിസം ആഗോളാടിസ്ഥാനത്തില്‍ വിമര്‍ശനന വിധേയമാകുന്ന കാലത്തും സലഫിസത്തെ വെള്ള പൂശാനുള്ള യൂത്ത്‌ലീഗ് ശ്രമം ബഹുസ്വരതയ്ക്കും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഐ.എസ്, അല്‍ ഖാഇദ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ മാതൃക സ്വീകരിച്ചത് സലഫിസത്തില്‍ നിന്നാണെന്നത് ചരിത്രബോധമുള്ള ആര്‍ക്കും നിഷേധിക്കാനാകില്ല. അസഹിഷ്ണുതയെ അഭിമാനമായി കരുതുന്ന സലഫിസത്തെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ന്യായീകരിക്കുന്നത് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും എസ്.എസ്.എഫ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പുറപ്പെട്ടവരെല്ലാം സലഫി മാര്‍ഗ്ഗം സ്വീകരിച്ചവരാണെന്നിരിക്കെ സലഫികള്‍ സമാധാനവാദികളാണെന്ന് പറയാന്‍ യൂത്ത്‌ലീഗ് കാട്ടിയ ആവേശം അതിരുകടന്ന വിധേയത്വത്തിന്റേതാണ്. ആഗോള സലഫിസത്തെ കുറിച്ചും ഇതേ നിലപാടാണോ മുസ്‌ലിംലീഗിനും യുവജന സംഘടനകള്‍ക്കുമുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും എസ്.എസ്.എഫ് പറഞ്ഞു.

രാഷ്ട്രീയ താല്‍പ്പര്യം മുന്നില്‍ കണ്ടാണ് ബി.ജെ.പി ഏക സിവില്‍കോഡ് വീണ്ടും ചര്‍ച്ചക്കിട്ടത്. ഇതേ താല്‍പ്പര്യം തന്നെയാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ യൂത്ത്‌ലീഗിന്റെ മാതൃസംഘടനയ്ക്കുമുള്ളത്. മുസ്‌ലിം വോട്ടുകള്‍ രാഷ്ടീയമായി ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമുദായ സംഘടനകളുടെ ഐക്യത്തിന് പാര്‍ട്ടി മുന്നിട്ടിറങ്ങിയതെന്നും എസ്.എസ്.എഫ് ആരോപിച്ചു.

അനേകം വിഷയങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും മുസ്‌ലിംകളിലെ മഹാഭുരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ക്കും വിപരീതമായ നിലപാടാണ് സലഫികള്‍ക്കുള്ളത്. സുന്നികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ചിന്തിക്കുന്നവരെ കൂട്ടുപിടിച്ച് ശരീഅത്ത് സംരക്ഷിക്കുന്നതിലെ പരിഹാസ്യത തിരിച്ചറിയാനുള്ള വിവേകം മുസ്‌ലിം ലീഗിനുണ്ടാകണം. കേരളത്തിലെ ഏതാനും ജില്ലകളില്‍ മാത്രമായൊതുങ്ങുന്ന ഒരു യുവജന സംഘടന ദേശീയതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രസ്ഥാനത്തെയും അതിന്റെ അമരക്കാരനെയും ഒറ്റപ്പെടുത്തണമെന്ന് പറയുന്നത് മലബാറിന് പുറത്തൊരു ലോകമില്ലെന്ന മൂഢവിചാരം മൂലമാണെന്നും അവര്‍ പരിഹസിച്ചു.

സംഘടനാ സമ്മേളനമറിയിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിണ്‍ രാജ്യാന്തര തലത്തില്‍ ബഹുമാനിക്കപ്പെടുന്ന മതപണ്ഡിതനെ ഭത്സിച്ചതിലൂടെ ആ സംഘടനയുടെ ആശയ ദാരിദ്ര്യം വെളിപ്പെട്ടുവെന്നും എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ സലഫിസത്തെ പിന്തുണയ്ക്കുന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എസ്.എസ്.എഫ് രംഗത്തെത്തിയത്. സമുദായത്തിനകത്തെ പരസ്പര ആശയ സംവാദങ്ങളിലൂടെ വളരുകയും വികസിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിനുള്ളത്. ഇതിന് പ്രതലം ഒരുക്കിക്കൊണ്ട് തന്നെയാണ് സമുദായത്തിന്റെ പുരോഗതിക്കായുള്ള അക്ഷീണ പ്രയത്‌നങ്ങള്‍ മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ളത്.

സുന്നി-സലഫി ചിന്താധാരകളാണ് മുഖ്യമായും ഇവ്വിധം കേരള മുസ്‌ലിംങ്ങള്‍ക്കിടയില്‍ വേരൂന്നിയിട്ടുള്ളത്. ഈ സമവാക്യങ്ങളെ വിവേകപൂര്‍വ്വം സമീപിക്കുവാനും മുന്നോട്ടുള്ള ഗതി ശരിയാംവണ്ണം ഉറപ്പിക്കുവാനുമാണ് കാലം ഇന്ന് ആവശ്യപ്പെടുന്നത്. രണ്ട് ചിന്താധാരകള്‍ക്കപ്പുറം തുണ്ടം തുണ്ടമായി സംഘടനകള്‍ വേര്‍പിരിയുന്നത് നിരാശയോടെ മാത്രമേ നോക്കിക്കാണാനാകൂ. കേട്ടുകേള്‍വിയില്ലാത്ത പുതിയ വെല്ലുവിളികള്‍ തരണം ചെയ്യേണ്ട ഘട്ടത്തിലെങ്കിലും പൊറുക്കാനും മറക്കാനും ഐക്യപ്പെട്ട് മുന്നോട്ട് പോകുവാനും സമുദായത്തിന് ഉള്‍ക്കാഴ്ചയോടെ ദിശാ ബോധം നല്‍കുവാനും സമുദായ നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടിരുന്നു.