33 കേസുകളില്‍ 31 ലും ജാമ്യം: സരിത ഉടന്‍ ജയില്‍മോചിതയാകും
Kerala
33 കേസുകളില്‍ 31 ലും ജാമ്യം: സരിത ഉടന്‍ ജയില്‍മോചിതയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2013, 10:22 am

saritha-new

[]തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ് നായര്‍ അധികം വൈകാതെ ജയില്‍മോചിതയാകും.

സരിതയുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 33 കേസുകളില്‍ 31 എണ്ണത്തിലും ജാമ്യം ലഭിച്ചു. ഇനി ജാമ്യം ലഭിക്കാനുള്ള എറണാകുളത്തെ രണ്ട് കേസുകളില്‍ അഭിഭാഷകന്‍ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും.

എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഇനി ജാമ്യം ലഭിക്കേണ്ടത്.

എറണാകുളം സ്വദേശി വി.വി ജോയ്, ഫാദര്‍ ജൂഡ് എന്നിവരുടെ പരാതിയിന്‍മേല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസുകളില്‍ സരിതയുടെ ജാമ്യാപേക്ഷ എറണാകുളം എ.സി.ജെ.എം കോടതിയിലാണ് നാളെ സമര്‍പ്പിക്കുക.

മറ്റു കേസുകളെ പോലെ തന്നെ ജാമ്യം നല്‍കാന്‍ കോടതി മറ്റ് തടസ്സങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സരിത ജയില്‍മോചിതയാകുമെന്നാണ് അറിയുന്നത്.

എ.ഡി.ജി.പി എ.ഹേമചന്ദ്രന്റെ നേത്യത്വത്തില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളാണ് പ്രത്യേകസംഘം അന്വേഷിച്ചത്. ഇതില്‍ 30 കേസുകളുടെ കുറ്റപത്രം അന്വേഷണസംഘം വിവിധ കോടതികളില്‍ സമര്‍പ്പിച്ചു.

ബാക്കിയുള്ള 3 കേസുകളുടെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് പ്രത്യേകസംഘം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുന്ന സരിത പതിനഞ്ച് ലക്ഷത്തോളം രൂപയാണ് കേസുകള്‍ ഒത്ത് തീര്‍പ്പാക്കാന്‍ വേണ്ടി ഇതുവരെ പരാതിക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്.

എന്നാല്‍ സരിതക്ക് ഇത്രയും പണം എവിടെ നിന്നു ലഭിച്ചു എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ തക്കവിധത്തിലുള്ള മൊഴി സരിതയുടെ പക്കലുണ്ടെന്ന് അഭിഭാഷകര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും അതേ കുറിച്ച് സരിത മാത്രം ഒന്നും പ്രതകരിച്ചിരുന്നില്ല.

മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുമായി സരിതക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിരവധി തവണ ഉയര്‍ന്ന് വന്നെങ്കിലും അതേകുറിച്ചും അന്വേഷണം നടന്നിട്ടില്ല.

ജൂണ്‍ മാസം നാലാം തീയതി തിരുവനന്തപുരത്തെ വസതിയില്‍ നിന്നായിരുന്നു സരിത അറസ്റ്റിലാകുന്നത്.