| Tuesday, 5th May 2020, 8:13 am

കൊവിഡിന് പിന്നാലെ ആഫ്രിക്കന്‍ പന്നിപ്പനി; ആശങ്കാജനകമെന്ന് ആസാം സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഹാവത്തി: കൊവിഡ് വൈറസ് വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കെ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്.

വളര്‍ത്തു പന്നികളില്‍ കണ്ടുവരുന്ന, 100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി (African swine fever). കൊവിഡ് 19 പോലെ ആഫ്രിക്കന്‍ പന്നിപ്പനിയും ചൈനയില്‍ നിന്നും തന്നെയാണ് ഇന്ത്യയില്‍ എത്തിയതെന്നാണ് ആസാം പറയുന്നത്.
2018-2020 കാലയളവില്‍ ചൈനയിലെ 60 ശതമാനം വളര്‍ത്തു പന്നികള്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തുപോയിട്ടുണ്ട്.

ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ ഒരു പ്രത്യേക അഭിമുഖത്തില്‍ എന്‍ഡിടിവിയോട് പറഞ്ഞു. രോഗം ബാധിച്ച പന്നികളെ കൊല്ലില്ലെന്ന് സംസ്ഥാനം അതിന്റെ നിയന്ത്രണ പദ്ധതിയില്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍, ലോക്ക്ഡൗണിന് അനുസൃതമായ ‘ബയോസെക്യൂരിറ്റി മെഷേഴ്‌സ്’ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് 2573 പേര്‍ക്കാണ് തിങ്കളാഴ്ച പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 83 പേര്‍ കൊവിഡിനെത്തുടര്‍ന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 42,836 ആയി. 1389 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more