| Wednesday, 14th December 2022, 11:55 pm

എന്തൊരു പെര്‍ഫോമന്‍സാണ്, ആ സീന്‍ കണ്ട് എനിക്ക് എന്തുകൊണ്ട് അങ്ങനെയൊരു ചിന്ത വന്നില്ലെന്ന് തോന്നി; ജന ഗണ മനയെ പറ്റി രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജന ഗണ മന സിനിമയിലെ ഒരു രംഗം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് സംവിധായകന്‍ എസ്.എസ്. രാജമൗലി. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച രംഗത്തെ പറ്റിയാണ് ഫിലിം കമ്പാനിയന്റെ ഡയറക്ടേഴ്‌സ് ആഡയില്‍ രാജമൗലി സംസാരിച്ചത്. പൃഥ്വിരാജ്, കമല്‍ ഹാസന്‍ തുടങ്ങിയവരും ഡയറക്ടേഴ്‌സ് ആഡയില്‍ പങ്കെടുത്തിരുന്നു.

‘സിനിമയുടെ പേര് ഓര്‍മയില്ല. പൃഥ്വിരാജിന്റെ സിനിമയാണ്. പൊലീസ് ഓഫീസര്‍ പ്രതികളിലൊരാള്‍ക്ക് സിഗരറ്റ് നല്‍കുകയാണ്. ( പൃഥ്വിരാജ് ചിത്രത്തിന്റെ പേര് ജന ഗണ മന എന്ന് പറയുന്നു) ആ മുഴുവന്‍ സീനിന്റേയും സെറ്റ് അപ്പ്, അത് എങ്ങനെയാണ് നിര്‍മിച്ചെടുത്തിരിക്കുന്നത് എന്ന് നോക്കൂ. അതിലെ പെര്‍ഫോമന്‍സ്, എഴുതിയിരിക്കുന്ന രീതി, അതൊക്കെ കണ്ട് എനിക്ക് വലിയ അസൂയ തോന്നി. എനിക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ചിന്ത വന്നില്ല,’ രാജമൗലി പറഞ്ഞു. ഇത് കഴിഞ്ഞ് എനിക്ക് ഡിജോയെ (സംവിധായകന്‍ ഡിജോ ജോസ് ആന്റണി) വിളിക്കണമെന്നാണ് ഇതിനോട് പൃഥ്വിരാജ് പ്രതികരിച്ചത്.

തനിക്കിപ്പോള്‍ ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളം സിനിമയിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണെന്നും രാജമൗലി പറഞ്ഞിരുന്നു. ‘എല്ലാ ഇന്‍ഡസ്ട്രിക്കും അതിന്റേതായ ഗുണങ്ങളുണ്ട്. തമിഴിലെ സംവിധായകര്‍ എപ്പോഴും മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരേക്കാളും ടെക്നിക്കലി മുന്നിലാണ്. പോപ്പുലര്‍ സിനിമയിലാണ് തെലുങ്കിലെ സംവിധായകര്‍ക്ക് കൂടുതല്‍ മികവ്. ഞങ്ങള്‍ക്ക് പ്രേക്ഷകരുമായി കുറച്ചുകൂടി കണക്ഷനുണ്ട്. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം.

മലയാളം സിനിമയിലാണ് ഏറ്റവും മികച്ച എഴുത്തുകാരുള്ളത്. ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്,’ രാജമൗലി പറഞ്ഞു.

രാജമൗലി ചിത്രം ആര്‍.ആറിനെ പറ്റി പൃഥ്വിരാജും സംസാരിച്ചിരുന്നു. ‘സിനിമയില്‍ ആക്ഷന്‍ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണമായും വിശ്വസിക്കണം. അതുകൊണ്ട് ഞാന്‍ പറയുന്നു താരക് ( ജൂനിയര്‍ എന്‍.ടി.ആര്‍ ) കുറെ കാട്ടുമൃഗങ്ങള്‍ക്കൊപ്പം ചാടുമെന്ന് ആ രംഗം നിര്‍മിക്കുമ്പോള്‍ പൂര്‍ണമായും വിശ്വസിക്കണം.

ആ സീന്‍ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി, ഞാന്‍ ആവേശഭരിതനായി. സിനിമ കണ്ട് കഴിഞ്ഞ് ഇത് എന്താണ് കാണിച്ചിരിക്കുന്നതെന്ന് ഞാന്‍ അമ്പരന്നു. പക്ഷേ ആ സിനിമ വീണ്ടും കണ്ടാല്‍ ഇതേ സീന്‍ വരുമ്പോള്‍ പിന്നേയും കയ്യടിക്കും,’ പൃഥ്വരാജ് പറഞ്ഞു. ഈ സമയം ടിക്കറ്റ് കീറി കഴിഞ്ഞാല്‍ പിന്നെ ഒന്നും ചിന്തിച്ചിട്ട് കാര്യമില്ല എന്ന കമലിന്റെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

ചിത്രത്തെ പറ്റി രാജമൗലിയും സംസാരിച്ചു. ‘സിനിമയിലെ ആക്ഷനില്‍ നിയമങ്ങളോ പരിധികളോ ഇല്ല, അത് ഫീല്‍ ചെയ്യുക എന്നുള്ളതാണ്. പ്രേക്ഷകരും നിങ്ങള്‍ക്കൊപ്പം ഫീല്‍ ചെയ്യുമെന്ന് കരുതുക. പിന്നെ വയലന്‍സിലൂടെ എന്താണ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നോക്കുന്നത് എന്നതിലും കാര്യമുണ്ട്. അത് ഷോക്കാണോ, ഭയമാണോ, ദുഖമാണോ എന്നത് സിനിമയെ ആശ്രയിച്ച് ഇരിക്കും.

ആര്‍.ആര്‍.ആറില്‍ താരകിനെ കെട്ടിയിടുന്ന സീനില്‍ അദ്ദേഹം പാട്ട് പാടുമ്പോള്‍ ഭയമോ മറ്റെന്തെങ്കിലുമോ അല്ല ഫീല്‍ ചെയ്യേണ്ടത്. പ്രേക്ഷകര്‍ക്ക് സങ്കടം വരണം. ആ സങ്കടം ദേഷ്യമായും പിന്നെ അഭിമാനിക്കാവുന്ന നിമിഷത്തിലേക്കും എത്തണം,’ രാജമൗലി പറഞ്ഞു.

Content Highlight: SS Rajamouli talks about jana gana mana

We use cookies to give you the best possible experience. Learn more