ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് എസ്.എസ്. രാജമൗലി. 2001ല്‍ സ്റ്റുഡന്റ് നമ്പര്‍ 1 എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാജമൗലി സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. 24 വര്‍ഷത്തെ കരിയറില്‍ വെറും 12 ചിത്രങ്ങള്‍ മാത്രമാണ് രാജമൗലി അണിയിച്ചൊരുക്കിയത്. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ ചുരുക്കം സംവിധായകരിലൊരാള്‍ കൂടിയാണ് രാജമൗലി.
തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി കളക്ഷന്‍ നേടിയ ഇന്ത്യയിലെ ഒരേയൊരു സംവിധായകന്‍ കൂടിയാണ് രാജമൗലി. ബാഹുലി 2വിന്റെ വന്‍ വിജയത്തിന് ശേഷം റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവെര നായകനാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍. 500 കോടി ബജറ്റിലെത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. ഓസ്‌കര്‍ വേദിയിലും ആര്‍.ആര്‍.ആര്‍. തിളങ്ങിയിരുന്നു.
ചിത്രം ഡബ്ബ് ചെയ്ത് ജപ്പാനിലും വമ്പന്‍ റിലീസ് നടത്തിയിരുന്നു. ഇന്ത്യന്‍ സിനിമക്ക് ജപ്പാനിലും പണ്ടുമുതലേ മാര്‍ക്കറ്റുണ്ടായിരുന്നെന്ന് പറയുകയാണ് രാജമൗലി. രജിനികാന്ത് നായകനായി 1995ല്‍ റിലീസായ മുത്തുവാണ് ജപ്പാനില്‍ ആദ്യമായി റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമയെന്ന് രാജമൗലി പറഞ്ഞു. മുത്തു ജപ്പാനില്‍ നിന്ന് നേടിയ കളക്ഷന്‍ മറ്റൊരു സിനിമയും നേടിയില്ലെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു.
മുത്തു നേടിയ കളക്ഷനായിരുന്നു തങ്ങളുടെ പ്രതീക്ഷയെന്നും ആ സിനിമയുടെ കളക്ഷന്റെ അടുത്തെങ്കിലും എത്താന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നെന്നും രാജമൗലി പറഞ്ഞു. മുത്തു 20 വര്‍ഷം മുമ്പ് നേടിയ കളക്ഷന്‍ തങ്ങള്‍ക്ക് മറികടക്കാന്‍ സാധിച്ചത് വലിയ സന്തോഷം തരുന്ന കാര്യമാണെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ആര്‍.ആര്‍.ആറിന്റെ മേക്കിങ് ഡോക്യുമെന്ററിയായ ആര്‍.ആര്‍.ആര്‍ ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ടിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യന്‍ സിനിമക്ക് വലിയ മാര്‍ക്കറ്റുള്ള സ്ഥലങ്ങളിലൊന്നാണ് ജപ്പാന്‍. അവിടെ ഇന്ത്യന്‍ സിനിമകള്‍ക്ക് കിട്ടുന്ന സ്വീകാര്യത ആരും അധികം ഉപയോഗപ്പെടുത്താറില്ല. എന്നാല്‍ അതിനെ കൃത്യമായി ഉപയോഗിച്ചത് രജിനികാന്താണ്. അദ്ദേഹം നായകനായ മുത്തു ജപ്പാനിലും വന്‍ വിജയമായിരുന്നു. മുത്തു ജപ്പാനില്‍ നിന്ന് നേടിയ കളക്ഷന്‍ അതുവരെ മറ്റൊരു സിനിമക്കും തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല.
ആ വിജയമാണ് ആര്‍.ആര്‍.ആര്‍. ജപ്പാനില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്. മുത്തു നേടിയ കളക്ഷന്റെ അടുത്തെങ്കിലും എത്താന്‍ സാധിച്ചാല്‍ സന്തോഷമായിരുന്നു. എന്നാല്‍ മുത്തുവിന്റെ കളക്ഷനും ആര്‍.ആര്‍.ആര്‍ മറികടന്നു. അതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്,’ രാജമൗലി പറഞ്ഞു.
Content Highlight: SS Rajamouli says Muthu movie’s Japan release inspired him of RRR’s Japan release