|

എനിക്കെതിരെ പല ആരോപണങ്ങളും ഉയരുന്നുണ്ട്, ഏതെങ്കിലും മതവിഭാഗത്തെ തൃപ്തിപ്പെടുത്താനല്ല ഞാന്‍ സിനിമ ചെയ്യുന്നത്: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളില്‍ തീവ്ര വലതുപക്ഷ ആശയങ്ങള്‍ പ്രതിഫലിക്കുന്നുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എസ്.എസ്. രാജമൗലി.

2022ല്‍ ജൂനിയര്‍ എന്‍.ടി.ആറിനെയും, രാം ചരണിനെയും കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ എന്ന ചിത്രം
ബി.ജെ.പി മുന്നോട്ട് വെക്കുന്ന തീവ്ര വലതുപക്ഷ-മുസ്‌ലിം വിരുദ്ധ ആശയങ്ങളെ പുകഴ്ത്തുന്നതാണെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. ഇതിനെതിരെയാണ് സംവിധായകന്റെ പരാമര്‍ശം.

സമൂഹത്തില്‍ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ സിനിമയെ സ്വാധീനിക്കാറുണ്ട്, തീവ്ര വലതുപക്ഷ ആശയങ്ങള്‍ ശക്തിപ്രാപിക്കുമ്പോള്‍ അത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുമെന്നും എന്നാല്‍ തന്റെ സിനിമകളില്‍ അത്തരം കണ്ടന്റുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് വര്‍ഷങ്ങളായി തന്റെ ചിത്രങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഒരുകൂട്ടം ആളുകള്‍ പടച്ചു വിടുന്നുണ്ടെന്നും 2020 ല്‍ ആര്‍.ആര്‍.ആര്‍. ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത സമയത്ത് ബി.ജെ.പിക്കാരില്‍ നിന്ന് തന്നെ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദി ന്യൂയോര്‍ക്കറിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘കുറച്ച് വര്‍ഷങ്ങളായി ചില ആളുകള്‍ എന്റെ സിനിമക്കെതിരെ പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ചിലപ്പോള്‍ മുസ്‌ലിങ്ങള്‍, ചിലപ്പോ ഹിന്ദുക്കള്‍, അല്ലങ്കില്‍ മറ്റേതെങ്കിലും ജാതിക്കാര്‍.

ഏതെങ്കിലും മതക്കാരോടോ, കപട മതേതര വാദികളോടോ അടുപ്പം വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമ കാണുന്നവരില്‍ തീവ്ര മത ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരും ഉണ്ടാവാം. പക്ഷെ അവരെ തൃപ്തിപ്പെടുത്താനല്ല ഞാന്‍ സിനിമ ചെയ്യുന്നത്.

സിനിമ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ പ്രതിഫലനമാണ്. അത് കൊണ്ട് തന്നെ ഓഡിയന്‍സിനെ സ്വാധീനിക്കാനായി അത്തരം സിനിമകള്‍ നിര്‍മിക്കപ്പെടും. തീവ്ര ദേശീയവാദവും, മുസ്‌ലിം വിരുദ്ധതയും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ചും സിനിമകള്‍ നിര്‍മിക്കപ്പെടും. പക്ഷെ ഞാനെല്ലാ കാലത്തും അതില്‍ നിന്നും മാറിനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ വഴിയിലാണ് ഞാന്‍ സഞ്ചരിക്കുന്നത്.

2020ല്‍ ആര്‍.ആര്‍.ആര്‍. ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്ത സമയത്ത് എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ എന്‍. ടി.ആറിന്റെ കൊമരം ഭീമെന്ന കഥാപാത്രത്തെ തൊപ്പിയിട്ട് അവതരിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.

സിനിമ റിലീസ് ചെയ്താല്‍ തിയേറ്ററിന് തീയിടുമെന്നും, എന്നെ നടുറോഡിലിട്ട് തല്ലുമെന്നുമാണ് ഒരു നേതാവ് ഭീഷണിപ്പെടുത്തിയത്. ഇനിയും ജനങ്ങള്‍ക്ക് ഞാന്‍ ബി.ജെ.പി കാരനാണെന്ന് തോന്നുന്നെങ്കില്‍ തീരുമാനം അവരുടേതാണ്,’ രാജമൗലി പറഞ്ഞു.

Content Highlight: SS Rajamouli reacting to hate comments