മലയാള സിനിമ ഒ.ടി.ടി കാലത്തിന് മുമ്പേ വളര്‍ന്നതാണ്, ലോക്ഡൗണ്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിച്ചു; രാജമൗലി
Entertainment news
മലയാള സിനിമ ഒ.ടി.ടി കാലത്തിന് മുമ്പേ വളര്‍ന്നതാണ്, ലോക്ഡൗണ്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിച്ചു; രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th December 2021, 11:54 pm

ചെന്നൈ: മലയാള സിനിമ ഒ.ടി.ടി കാലത്തിന് മുമ്പേ തന്നെ വളര്‍ന്നതാണെന്ന് സംവിധായകന്‍ എസ്.എസ്. രാജമൗലി. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍.ആര്‍.ആറിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒ.ടി.ടി വന്നതോടെ മലയാള സിനിമയ്ക്കുണ്ടായ വളര്‍ച്ചയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു രാജമൗലി ഉത്തരം പറഞ്ഞത്.

ഒ.ടി.ടിക്ക് മുമ്പ് തന്നെ മലയാള സിനിമ വളര്‍ന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആളുകളിലേക്ക് മലയാള സിനിമയെ എത്താന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മലയാള സിനിമ വലിയ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. മുമ്പ് മലയാള സിനിമയെയും താരങ്ങളെയും ചില ഇടങ്ങളിലായിരുന്നു കൂടുതല്‍ പരിചയം എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആളുകളിലേക്ക് സിനിമയെത്തി.

ഹൈദരാബാദില്‍ പോലും ചെറിയ ചെറിയ ടൗണുകളില്‍ പോലും മലയാള താരങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടായെന്നും രാജമൗലി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

 

മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട സമ്പന്നമാണ്. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്മാണ്ഡ വിഷ്വല്‍ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

SS Rajamouli praise malayalam cinema, it grew before the OTT era, and the lockdown helped reach more people