ജാതിവ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ടുള്ള എസ്.എസ് രാജമൗലിയുടെ 2012ലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മനുസ്മൃതിയിലെ ജാതിവ്യവസ്ഥ ജന്മം കൊണ്ടു കിട്ടുന്നതല്ലെന്നും അത് ജീവിതരീതികൊണ്ടു ലഭിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള രാജമൗലിയുടെ പോസ്റ്റാണ് വിവാദമാകുന്നത്.
ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, ദളിതര്‍ തുടങ്ങിയ ജാതിശ്രേണിയെ ജീവിതരീതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജാതിവ്യവസ്ഥയെ ന്യായീകരിക്കാനാണ് രാജമൗലി പോസ്റ്റിലൂടെ ശ്രമിക്കുന്നത്.
ജീവിക്കാനായി മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍ ദളിതരും ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവര്‍ ബ്രാഹ്മണരുമാണെന്നാണ് രാജമൗലിയുടെ വിശദീകരണം.
രൗജമൗലിയുടെ പോസ്റ്റ്:
മനുസ്മൃതിയിലെ ജാതി വ്യവസ്ഥ നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അല്ലാതെ അത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല. എനിക്കൊപ്പം ടെന്നിസ് കളിക്കാറുള്ള പ്രസാദ് നല്ലൊരു വിശദീകരണമാണ് ഇതുസംബന്ധിച്ച് നല്‍കിയത്.
പഞ്ചമജാതി (അസ്പൃശ്യര്‍) എന്നത് ജീവിതത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് (പരാശ്രയി)
ശൂദ്രര്‍ എന്നത് തനിക്കും കുടുംബത്തിനുവേണ്ടി ജീവിക്കുന്നവര്‍
വൈശ്യര്‍ എന്നത് സ്വയം ലാഭമുണ്ടാക്കുകയും ഒപ്പം മുതലാളിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നയാള്‍
ക്ഷത്രിയര്‍ എന്നത് തനിക്കു കീഴെയുള്ളവര്‍ ഭക്ഷണം കഴിച്ചശേഷം മാത്രം കഴിക്കുന്നവര്‍
ബ്രാഹ്മണര്‍ എന്നത് ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവര്‍
രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ബാഹുബലി 2 തിയ്യേറ്ററുകളില്‍ എത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പഴയ പോസ്റ്റ് ചര്‍ച്ചയായിരിക്കുന്നത്.
രാജമൗലിയുടെ ബാഹുബലിയില്‍ കറുത്തവരെ വില്ലന്മാരായും സംസ്‌കാരശൂന്യരായും ചിത്രീകരിച്ചത് അദ്ദേഹത്തിനുള്ളിലെ വംശീയതയെയും ജാതീയതയെയും തുറന്നുകാട്ടുന്നതാണെന്ന് ഓര്‍മ്മിച്ചുകൊണ്ടുള്ളതാണ് ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളില്‍ ചിലത്.
“നിങ്ങള്‍ ഇന്ത്യയിലെ യഥാര്‍ത്ഥ ജാതിവാദി. റാസിസ്റ്റാണ് നിങ്ങള്‍. നിങ്ങളുടെ ബ്രാഹ്മണിക്കല്‍ ആശയത്തിന് സമാനമാണ് നിങ്ങളുടെ ചിന്തയും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ചിത്രങ്ങളിലൂടെ ജാതിയെ പുനസൃഷ്ടിക്കുകയാണ്. നിങ്ങളുടെ ജാതീയ ആശയങ്ങളെ തുടച്ചുമാറ്റാന്‍ ഞങ്ങള്‍ ഇപ്പോള്‍ തയ്യാറാണ്.” എന്നാണ് രാജേഷ് കുമാര്‍ എന്നയാള്‍ ഈ പോസ്റ്റിനു താഴെ കുറിച്ചത്.
“ക്ഷത്രിയന്മാര്‍ക്ക് ഭക്ഷിക്കാനായി രാവും പകലും പണിയെടുക്കുന്നത് ദളിതരാണ്. അവര്‍ പണിയെടുത്തില്ലെങ്കില്‍ ക്ഷത്രിയര്‍ പട്ടിണികിടന്ന് ചാവും” എന്നാണ് റൊണാള്‍ഡ് ഡെനിസണിന്റെ കമന്റ്.