|

കഥപറച്ചിലിന്റെ തമ്പുരാന് പിറന്നാളാശംസകള്‍: രാജമൗലിക്ക് ആശംസകള്‍ നേര്‍ന്ന് ആര്‍.ആര്‍.ആര്‍ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാ ലോകത്തെ ഇതിഹാസതുല്യമായ സംവിധായകനാണ് എസ്.എസ്. രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രം മതി ഏതൊരിന്ത്യക്കാരനും അദ്ദേഹത്തെ ഓര്‍ത്തെടുക്കാന്‍. ഞായറാഴ്ച തന്റെ 48ാം പിറന്നാളാഘോഷിക്കുകയാണ് രാജമൗലി. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

‘പിറന്നാളാശംസകള്‍ രാജമൗലി ഗാരു, താങ്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതും താങ്കളില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും എന്നും സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്,’ എന്നാണ് അജയ് ദേവ്ഗണ്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്.

രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍.ആര്‍.ആറില്‍ ഒരു പ്രധാന കഥാപാത്രത്തെ അജയ് അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ മറ്റ് താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. ആലിയ ഭട്ട് എന്നിവരും അദ്ദേഹത്തിന് പിറന്നാളാശംസകള്‍ അറിയിക്കുന്നുണ്ട്.

‘ലാളിത്യത്തിലൂടെ തന്റെ ശക്തി പ്രകടമാക്കുന്ന അദ്ദേഹത്തെ ആശംസിക്കാന്‍ ഒരുപാട് വഴികള്‍ ഞാന്‍ അന്വേഷിച്ചു, പിറന്നാളാശംസകള്‍ രാജമൗലി ഗാരു,’ എന്നാണ് രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചത്.

‘കഥപറച്ചിലിന്റ തമ്പുരാന് പിറന്നാളാശംസകള്‍. താങ്കളുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ലോകത്തിലെ എല്ലാ സന്തോഷങ്ങളും താങ്കള്‍ക്ക് വന്നു ചേരട്ടെ,’ എന്നാണ് ആലിയ ആശംസകള്‍ നേര്‍ന്നത്.

ഇവരെ കൂടാതെ സിനിമാ മേഖലയിലെ പലരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ നായകരാക്കി ഒരുക്കുന്ന ആര്‍.ആര്‍.ആറാണ് രാജമൗലിയുടെ പുതിയ ചിത്രം. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.’

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: SS Rajamouli Birthday: Alia Bhatt, Ajay Devgn, Jr NTR, and others extend warm wishes to filmmaker