മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും ഞാന്‍ കണ്ടുപഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്: രാജമൗലി
Entertainment news
മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും ഞാന്‍ കണ്ടുപഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്: രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th March 2022, 5:04 pm

ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്തിരിക്കുകയാണ്. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടും അതിഥി വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും താന്‍ ചിലത് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയാണ് രാജമൗലി. ആര്‍.ആര്‍.ആര്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നിയ ഒരു സിനിമാ ഇന്‍ഡസ്ട്രി ഏതാണ് എന്ന അവതാരകയുടെ ചോദ്യത്തിന്, ഇന്‍ഡസ്ട്രി എന്ന നിലയില്‍ സിനിമയെ വേര്‍തിരിച്ച് കാണുന്നില്ലെന്നും എന്നാല്‍ പല ഇന്‍ഡസ്ട്രികളില്‍ നിന്നായി സിനിമയുടെ വിവിധ വശങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു രാജമൗലിയുടെ മറുപടി.

”പല ഇന്‍ഡസ്ട്രികളില്‍ നിന്നായി സിനിമയുടെ വിവിധ വശങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ബാഗ്രൗണ്ട് ആക്ടേഴ്‌സിനെ (ജൂനിയര്‍ ആര്‍ടിസ്റ്റ്‌സ്) എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും എനിക്കറിയേണ്ടത്. അത് അങ്ങേയറ്റം പ്രൊഫഷണലാണ്.

ഇവരൊക്കെ വലിയ അഭിനേതാക്കളാണെന്നോ ബാഗ്രൗണ്ട് ആക്ടേഴ്‌സാകാന്‍ ഇവര്‍ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ അവര്‍ ചെയ്യുന്നത് വളരെ പെര്‍ഫക്ടാണ്. അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് എനിക്ക് കണ്ട് മനസിലാക്കണം.

ഇതൊരു ചെറിയ കാര്യമല്ല. വളരെ വലിയ ഒരു കാര്യം തന്നെയാണ്. അത് എനിക്ക് പഠിക്കണം,” രാജമൗലി പറഞ്ഞു.

1920കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആര്‍.ആര്‍.ആര്‍ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടാല്‍ സംഭവിക്കാവുന്ന കാര്യങ്ങളുടെ ഭാവനയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

ഡി.വി.വി എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മിച്ചത്. രാജമൗലിയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. എം.എം. കീരവാണിയാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

കെ.കെ. സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും എ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിളാണ്. വി. ശ്രീനിവാസ് മോഹനാണ് വിഷ്വല്‍ ഇഫക്റ്റുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവര്‍ ചിത്രത്തില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി ചിത്രം മാര്‍ച്ച് 25നാണ് തിയേറ്ററുകളിലെത്തിയത്.

Content Highlight: SS Rajamouli about what he wants to learn from Malayalam movie industry