| Wednesday, 16th March 2022, 4:41 pm

ആ പാട്ട് ചിത്രീകരിച്ചത് ഉക്രൈനിലായിരുന്നു; ഇപ്പോള്‍ അവിടത്തെ ജനങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കുന്ന ആര്‍.ആര്‍.ആര്‍ റിലീസിന് തയാറെടുത്തിരിക്കുകയാണ്.

ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി മാര്‍ച്ച് 25നാണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിലെ നേരത്തെ റിലീസ് ചെയ്ത ‘നാട്ടു നാട്ടു’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയതായിരുന്നു. ഈ ഗാനം ചിത്രീകരിച്ചത് ഉക്രൈനിലായിരുന്നെന്നും അവിടത്തെ ജനങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ രാജമൗലി.

റഷ്യ- ഉക്രൈന്‍ യുദ്ധം 21 ദിവസം പിന്നിട്ടിരിക്കുകയും ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാജമൗലിയുടെ പ്രതികരണം.

ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഉക്രൈനിലെ ജനങ്ങളെ സംബന്ധിച്ച തന്റെ ആശങ്കയെക്കുറിച്ച് രാജമൗലി സംസാരിച്ചത്.

”ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കഴിഞ്ഞവര്‍ഷം ഉക്രൈനിലായിരുന്നു ചിത്രീകരിച്ചത്. കുറച്ച് നിര്‍ണായകമായ സീനുകളെടുക്കാനാണ് അവിടേക്ക് പോയത്.

ഇന്ന് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്ന് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. തിരിച്ചുവന്ന്, ഇന്ന് ഈ കാര്യങ്ങള്‍ കാണുമ്പോഴാണ് പ്രശ്‌നങ്ങളുടെ ഗൗരവം എനിക്ക് മനസിലായത്.

അന്ന് ഷൂട്ടിങ്ങിന് ഞങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്തവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചിലരൊക്കെ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നു.

ചിലരെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. വൈകാതെ ഇവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” രാജമൗലി പറഞ്ഞു.


Content Highlight: SS Rajamouli about Ukraine-Russia conflict

We use cookies to give you the best possible experience. Learn more