ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പേ ബി.ജെ.പി നേതാക്കളില്‍ നിന്നും ലഭിച്ച ഭീഷണികളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. ജൂനിയര്‍ എന്‍.ടി.ആര്‍ അവതരിപ്പിച്ച കൊമരം ഭീമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ തിയേറ്റര്‍ കത്തിക്കുമെന്നും തന്നെ റോഡിലിട്ട് തല്ലുമെന്നുമാണ് ബി.ജെ.പിക്കാര്‍ പറഞ്ഞതെന്ന് രാജമൗലി പറഞ്ഞു. ദി ന്യൂ യോര്‍ക്കറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം.
‘ഞാന്‍ ബി.ജെ.പിയെയോ ബി.ജെ.പി അജണ്ടയേയോ പിന്തുണക്കുന്നു എന്ന് ആരോപിക്കുന്ന ആളുകളോട് എനിക്ക് ഒരുകാര്യം പറയാനുണ്ട്. ഭീം ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്ററില്‍ തലയില്‍ തൊപ്പി ധരിച്ചിരുന്നു. അതിന് പിന്നാലെ ആര്‍.ആര്‍.ആര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിടുമെന്നാണ് ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്, ആ തൊപ്പി മാറ്റിയില്ലെങ്കില്‍ എന്നെ റോഡില്‍ വെച്ച് തല്ലുമെന്ന് പറഞ്ഞു. ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം, ഞാന്‍ ബി.ജെ.പിക്കാരനാണോ അല്ലയോ എന്ന്,’ രാജമൗലി പറഞ്ഞു.
ബി.ജെ.പി അജണ്ടക്കനുസരിച്ചുള്ള ചിത്രങ്ങള്‍ താന്‍ നിര്‍മിക്കാറില്ലെന്നും തീവ്ര ഗ്രൂപ്പുകളില്‍ നിന്നും അകന്നു നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും തീവ്ര നിലപാടുകാരോട് വെറുപ്പാണെന്നും രാജമൗലി പറഞ്ഞു.
‘ബി.ജെ.പി അജണ്ടയുള്ള സിനിമ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. ഹിന്ദുത്വ അജണ്ടയില്‍ നിന്നും സ്യൂഡോ ലിബറല്‍ അജണ്ടയില്‍ നിന്നും അകന്നുനില്‍ക്കാറുണ്ട്. തീവ്ര ഗ്രൂപ്പുകളില്‍ നിന്നുള്ളവരും എന്റെ സിനിമകള്‍ കാണുന്നുണ്ടെന്ന് അറിയാം. എന്നാല്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രേക്ഷകരുടെ വൈകാരിക ആവശ്യങ്ങളെയാണ് സിനിമയിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്.
ബാഹുബലി എന്ന സിനിമ സാങ്കല്‍പ്പികമാണ്. അതിനാല്‍ ബി.ജെ.പിയുടെ അജണ്ടക്ക് അനുകൂലമായി ചരിത്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. ആര്‍.ആര്‍.ആര്‍ ചരിത്ര പാഠവുമല്ല.
ആളുകള്‍ക്ക് ഞാന്‍ ബി.ജെ.പിക്കാരനാണെന്നോ അല്ലെന്നോ പറയാം. എന്നാല്‍ തീവ്ര നിലപാടുകാരോട് എനിക്ക് വെറുപ്പാണ്, അത് ബി.ജെ.പി ആണെങ്കിലും മുസ്ലിം ലീഗാണെങ്കിലും മറ്റെന്താണെങ്കിലും. എനിക്ക് നല്‍കാനാവുന്ന ലളിതമായ മറുപടി ഇതാണ്,’ രാജമൗലി പറഞ്ഞു. (ദി ന്യൂ യോര്‍ക്കര്‍ അഭിമുഖം)
Content Highlight: ss rajamouli about the threatening of bjp