| Friday, 17th February 2023, 10:48 pm

അച്ഛന്റെ ആര്‍.എസ്.എസ് ചിത്രം സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയായി കണക്കാക്കും, അവരുടെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല: രാജമൗലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയേന്ദ്ര പ്രസാദ് ആര്‍.എസ്.എസിനേക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നതില്‍ പ്രതികരിച്ച് എസ് എസ് രാജമൗലി. സംഘടനയെക്കുറിച്ച് തനിക്ക് കാര്യമായ അറിവില്ലെന്നും എന്നാല്‍ അച്ഛന്‍ എഴുതിയ സ്‌ക്രിപ്റ്റ് വായിച്ച് വികാരഭരിതനായി എന്നും അദ്ദേഹം പറഞ്ഞു.

നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മാതാവാണ് താനെന്നും ഒരിക്കലും ഒരു രാഷ്ട്രീയ അജണ്ടയെയും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി സിനിമയെക്കുറിച്ച് പറഞ്ഞത്.

”എനിക്ക് ആര്‍എസ്എസ് എന്ന സംഘടനയെക്കുറിച്ച് അത്ര അറിവില്ല. ഈ സംഘടനയെക്കുറിച്ച് ഞാന്‍ ധാരാളം കാര്യങ്ങള്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ ആശയങ്ങള്‍ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു, തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കറിയില്ല. പക്ഷെ ഞാന്‍ എന്റെ അച്ഛന്റെ സ്‌ക്രിപ്റ്റ് വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ ഞാന്‍ പലതവണ കരഞ്ഞു, പക്ഷേ തിരക്കഥയിലെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്,’ രാജമൗലി പറഞ്ഞു.

ആര്‍എസ്എസ് ചിത്രത്തിന്റെ സംവിധാനം താനായിരിക്കുമോ എന്ന് അറിയില്ലെന്നും താന്‍ വായിച്ച തിരക്കഥ വൈകാരികവും മികച്ചതാണെന്നും രാജമൗലി പറഞ്ഞു.

‘ഞാന്‍ വായിച്ച തിരക്കഥ വളരെ വൈകാരികവും മികച്ചതുമാണ്. പക്ഷേ മറ്റുള്ളവര്‍ക്ക് അതേക്കുറിച്ച് എന്തു തോന്നുമെന്ന് എനിക്കറിയില്ല. എന്റെ അച്ഛന്‍ എഴുതിയ തിരക്കഥ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് പലരും ചോദിക്കുന്നുണ്ട്.

ഒന്നാമതായി, അത് സാധ്യമാകുമോ എന്ന് എനിക്കറിയില്ല. കാരണം എന്റെ അച്ഛന്‍ മറ്റേതെങ്കിലും സംഘടനയ്ക്കോ ആളുകള്‍ക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍മ്മാതാവിന് വേണ്ടിയാണോ ഈ തിരക്കഥ എഴുതിയതെന്ന് അറിയില്ല.

ഈ ചോദ്യത്തിന് എന്റെ പക്കല്‍ ഇപ്പോള്‍ കൃത്യമായ ഉത്തരമില്ല. ഈ കഥ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. പക്ഷേ ഈ കഥക്ക് എത്രത്തോളം ചലനം സൃഷ്ടിക്കാന്‍ ആകും എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അത് ഏതെങ്കിലും വിധത്തിലുള്ള നെഗറ്റീവ് അല്ലെങ്കില്‍ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാന്‍ പറയുന്നില്ല. അതേക്കുറിച്ച് എനിക്ക് ഉറപ്പില്ല,’ അദ്ദേഹം പറഞ്ഞു.

കഥയെക്കുറിച്ചും ആര്‍എസ്എസിനെക്കുറിച്ചും മൊത്തത്തില്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിനും അഭിമുഖത്തില്‍ രാജമൗലി മറുപടി പറഞ്ഞു. ആര്‍എസ്എസിന്റെ ചരിത്രത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത, നിലവാരമുള്ള സിനിമകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മാതാവാണ് താനെന്നും രാജമൗലി പറഞ്ഞു. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ അജണ്ടയെയും പിന്തുണച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്ക് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമാണ് വിജയേന്ദ്ര പ്രസാദ്. ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ആര്‍.ആര്‍.ആര്‍, ബജ്രംഗി ഭായ്ജാന്‍, മണികര്‍ണിക, മഗധീര, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളാണ് അവയില്‍ ചിലത്. ഇപ്പോള്‍ ആര്‍. എസ് .എസിനേക്കുറിച്ചുള്ള തിരക്കഥയുടെ പണിപ്പുരയിലാണ് അദ്ദേഹം. സീത: ദ ഇന്‍കാര്‍നേഷന്‍, അപരാജിത അയോധ്യ, പവന്‍ പുത്ര ഭായിജാന്‍ എന്നിവയാണ് വിജയേന്ദ്ര പ്രസാദിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

conent highlight: ss rajamouli about his fathers’ rss movie script

We use cookies to give you the best possible experience. Learn more