ഓസ്‌കാര്‍ ക്യാമ്പെയ്‌ന് വേണ്ടി 80 കോടിയോ, പകുതിയുടെ പകുതി പോലുമില്ല; യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ട് രാജമൗലിയുടെ മകന്‍
Film News
ഓസ്‌കാര്‍ ക്യാമ്പെയ്‌ന് വേണ്ടി 80 കോടിയോ, പകുതിയുടെ പകുതി പോലുമില്ല; യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ട് രാജമൗലിയുടെ മകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 10:54 am

ഓസ്‌കാര്‍ ക്യാമ്പെയ്‌ന് വേണ്ടി ആര്‍.ആര്‍.ആര്‍ ടീം 80 കോടി മുടക്കി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഓസ്‌കാര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ.

ആര്‍.ആര്‍.ആര്‍ ടീം ഓസ്‌കാര്‍ ക്യാമ്പെയ്‌ന് വേണ്ടി കോടികള്‍ മുടക്കിയിട്ടില്ലെന്നും ഇതെല്ലാം ഒരു തമാശയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തികേയ പറഞ്ഞു.

‘ഓസ്‌കാര്‍ ക്യാമ്പെയ്‌ന് വേണ്ടി ആര്‍.ആര്‍.ആര്‍ ടീം ഒരുപാട് പണം മുടക്കി എന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. അഞ്ച് കോടിക്കാണ് ഞങ്ങള്‍ കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്തത്. എന്നാല്‍ 8.5 കോടിയായി അവസാനം. യു.എസ്.എ പോലെയുള്ള നഗരങ്ങളില്‍ ആര്‍.ആര്‍.ആറിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങുകള്‍ നടത്തിയിരുന്നു. ന്യൂ യോര്‍ക്കിലും ഷോകള്‍ നടത്തണമായിരുന്നു.

രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, പ്രേം രക്ഷിത്, കാല ഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച്, കീരവാണി, ചന്ദ്രബോസ് എന്നിവര്‍ക്കാണ് ഔദ്യോഗികമായി ക്ഷണം ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഒപ്പമുള്ള ആളുകളെ കൊണ്ടുവരാനുള്ള സീറ്റുകളും ലഭിച്ചിരുന്നു. ഇതിനായി അവര്‍ അക്കാദമിക്ക് ഒരു മെയ്ല്‍ അയക്കുകയും ആരെയൊക്കെ ഒപ്പം കൊണ്ടുവരുന്നു എന്ന് പറയുകയും ചെയ്യണം.

പണം കൊടുത്താല്‍ പ്രവേശനം ലഭിക്കുന്ന പല ക്ലാസിലുള്ള സീറ്റുകളുണ്ട്. ലോവര്‍ ലെവല്‍ സീറ്റിനായി ഒരാള്‍ക്ക് 1500 ഡോളറും( ഏകദേശം 123,000 രൂപ), അപ്പര്‍ ലെവല്‍ സീറ്റിന് ഒരാള്‍ക്ക് 750 ഡോളറും (ഏകദേശം 61,500 രൂപ) ആണ് ചെലവാക്കിയത്.

ഓസ്‌കാര്‍ വേദി മുഴുവന്‍ പണം കൊടുത്ത് വാങ്ങാന്‍ സാധിക്കുന്നതല്ല. പണം കൊടുത്ത് ഓസ്‌കാര്‍ വാങ്ങുക എന്നൊക്കെ പറയുന്നത് വലിയ തമാശയല്ലേ. ഓസ്‌കാറിന് 95 വര്‍ഷത്തെ ചരിത്രമുണ്ട്. അവിടെ ഓരോ കാര്യത്തിനും കൃത്യമായ പ്രോസസുണ്ട്. ജനങ്ങളുടെ സ്‌നേഹം പണം കൊടുത്ത് വാങ്ങാന്‍ പറ്റുന്നതല്ല,’ കാര്‍ത്തികേയ പറഞ്ഞു.

Content Highlight: ss karthikeya talks about oscar campaign for rrr