|

ആര്‍.ആര്‍.ആറിലെ ആ സീന്‍ കണ്ട് കഴിഞ്ഞ് ഇത് എന്താണ് കാണിച്ചുവെച്ചിരിക്കുന്നത് എന്ന് തോന്നി; പൃഥ്വിരാജിന്റെ കമന്റിന് കമല്‍ ഹാസന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എസ്. രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ പറ്റിയുള്ള പൃഥ്വിരാജിന്റെ കമന്റിന് കമല്‍ ഹാസന്റെ മറുപടി. ആര്‍.ആര്‍.ആറില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ വന്യ മൃഗങ്ങള്‍ക്കൊപ്പം വണ്ടിയില്‍ നിന്നും ചാടുന്ന ഏറെ ശ്രദ്ധ നേടിയ രംഗത്തെ പറ്റിയായിരുന്നു പൃഥ്വിരാജ് സംസാരിച്ചത്. ഫിലിം കമ്പാനിയന്‍ നടത്തിയ ഫിലിം മേക്കേഴ്‌സ് ആഡയില്‍ വെച്ചായിരുന്നു പൃഥ്വിരാജിന്റെ കമന്റിന് കമല്‍ മറുപടി പറഞ്ഞത്. പൃഥ്വിരാജിനും കമല്‍ ഹാസനും പുറമേ രാജമൗലി, ലോകേഷ് കനകരാജ്, ഗൗതം വാസുദേവ മേനോന്‍, നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി എന്നിവരും ഫിലിം മേക്കേഴ്‌സ് ആഡയില്‍ പങ്കെടുത്തിരുന്നു.

‘സിനിമയില്‍ ആക്ഷന്‍ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണമായും വിശ്വസിക്കണം. രാജമൗലി സര്‍ ഇവിടെയുണ്ട്. അതുകൊണ്ട് ഞാന്‍ പറയുന്നു താരക് ( ജൂനിയര്‍ എന്‍.ടി.ആര്‍ ) കുറെ കാട്ടുമൃഗങ്ങള്‍ക്കൊപ്പം ചാടുമെന്ന് ആ രംഗം നിര്‍മിക്കുമ്പോള്‍ പൂര്‍ണമായും വിശ്വസിക്കണം.

ആ സീന്‍ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി, ഞാന്‍ ആവേശഭരിതനായി. സിനിമ കണ്ട് കഴിഞ്ഞ് ഇത് എന്താണ് കാണിച്ചിരിക്കുന്നതെന്ന് ഞാന്‍ അമ്പരന്നു. പക്ഷേ ആ സിനിമ വീണ്ടും കണ്ടാല്‍ ഇതേ സീന്‍ വരുമ്പോള്‍ പിന്നേയും കയ്യടിക്കും,’ പൃഥ്വരാജ് പറഞ്ഞു. ഈ സമയം ടിക്കറ്റ് കീറി കഴിഞ്ഞാല്‍ പിന്നെ ഒന്നും ചിന്തിച്ചിട്ട് കാര്യമില്ല എന്ന കമലിന്റെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു.

ഷോട്ടുകളെടുക്കുന്നതിനെ പറ്റി രാജമൗലിയും സംസാരിച്ചു. ‘സിനിമയിലെ ആക്ഷനില്‍ നിയമങ്ങളോ പരിധികളോ ഇല്ല, അത് ഫീല്‍ ചെയ്യുക എന്നുള്ളതാണ്. പ്രേക്ഷകരും നിങ്ങള്‍ക്കൊപ്പം ഫീല്‍ ചെയ്യുമെന്ന് കരുതുക. പിന്നെ വയലന്‍സിലൂടെ എന്താണ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നോക്കുന്നത് എന്നതിലും കാര്യമുണ്ട്. അത് ഷോക്കാണോ, ഭയമാണോ, ദുഖമാണോ എന്നത് സിനിമയെ ആശ്രയിച്ച് ഇരിക്കും.

ആര്‍.ആര്‍.ആറില്‍ താരകിനെ കെട്ടിയിടുന്ന സീനില്‍ അദ്ദേഹം പാട്ട് പാടുമ്പോള്‍ ഭയമോ മറ്റെന്തിങ്കിലുമോ അല്ല ഫീല്‍ ചെയ്യേണ്ടത്. പ്രേക്ഷകര്‍ക്ക് സങ്കടം വരണം. ആ സങ്കടം ദേഷ്യമായും പിന്നെ അഭിമാനിക്കാവുന്ന നിമിഷത്തിലേക്കും എത്തണം,’ രാജമൗലി പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് 24നാണ് ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്തത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ ലഭിച്ചിരുന്നു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ സോങ് വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആറിന് നോമിനേഷനുകള്‍.

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനമാണ് ഒറിജിനല്‍ സോങ് വിഭാഗത്തിലെ മത്സരത്തിന് അര്‍ഹത നേടിയത്. ജനുവരി 11ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ലോസ്ആഞ്ചലസില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.

Content Highlight: SS Kamal Haasan’s reply to Prithviraj’s comment about Rajamouli film R.R.R

Latest Stories