| Thursday, 19th October 2017, 12:53 pm

സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമെന്ന് കണ്ണൂര്‍ സ്വദേശി ശ്രുതി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്നെ സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് കണ്ണൂര്‍ സ്വദേശി ശ്രുതി ഹൈക്കോടതിയില്‍. ശ്രുതിയെ തടങ്കലില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് ഹമീദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയാണ് ശ്രുതി കോടതിയില്‍ ഇക്കാര്യം പറഞ്ഞത്.

ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്ന് ആവര്‍ത്തിച്ച കോടതി ശ്രുതിയെ ഭര്‍ത്താവ് അനീസിനൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു. ശ്രുതിയും അനീസും പ്രായപൂര്‍ത്തിയായവരാണ്. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

മതംമാറി വിവാഹം കഴിച്ചതിന് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്ററില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചതായി ശ്രുതി കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് 18 വരെ യോഗാ സെന്ററിലായിരുന്നെന്നും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ശ്രുതിവെളിപ്പെടുത്തിയിരുന്നു. നിര്‍ബന്ധിച്ച് ഗര്‍ഭ പരിശോധന നടത്തിയെന്നും മുഖത്തടിച്ചും വയറ്റില്‍ ചവിട്ടിയും ഉപദ്രവിച്ചെന്ന് ശ്രുതി ആരോപിച്ചിരുന്നു.

ശ്രുതിയുടെ മൊഴി പരിശോധിച്ച കോടതി യോഗാ സെന്ററിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

2011-14 കാലഘട്ടത്തില്‍ ബിരുദ പഠനത്തിനിടെ പ്രണയത്തിലായ കണ്ണൂര്‍ പരിയാരം സ്വദേശി അനീസും ദല്‍ഹിയില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ശ്രുതി മതപരിവര്‍ത്തനം നടത്തിയിരുന്നു. വിവാഹത്തിനുശേഷം ഇരുവരും ഹരിയാനയില്‍ താമസിക്കുന്നതിനിടെയാണ് തളിപ്പറമ്പ് പൊലീസ് ശ്രുതിയെ കസ്റ്റഡിയില്‍ എടുത്തത്. ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

പിന്നീട് ശ്രുതിയെ മാതാപിതാക്കള്‍ കൊണ്ടുപോകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനീസ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ തന്നോടൊപ്പം പോകണമെന്നു പറഞ്ഞ ശ്രുതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചിരുന്നു. എന്നാല്‍ കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ സി.ഐ.യുടെ സഹായത്തോടെ മാതാപിതാക്കള്‍ ശ്രുതിയെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് അനീസ് ഹര്‍ജിയില്‍ ആരോപിച്ചത്.

We use cookies to give you the best possible experience. Learn more