Entertainment
മറ്റ് ഭാഷകളില്‍ പോയപ്പോഴും എനിക്ക് ആ ഒറ്റ മലയാള സിനിമയുടെ അഡ്രസ് മതിയായിരുന്നു: ശ്രുതി ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 01:58 pm
Saturday, 1st March 2025, 7:28 pm

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശ്രുതി ജയന്‍. ചെമ്പന്‍ വിനോദ് ജോസ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ആയിരുന്നു നടിയുടെ ആദ്യ ചിത്രം. 2017ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.

അതിന് ശേഷം പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ജൂണ്‍ ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശ്രുതിക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അങ്കമാലി ഡയറീസിനെ കുറിച്ച് പറയുകയാണ് ശ്രുതി ജയന്‍.

തന്റെ ജീവിതം മാറ്റിമറിച്ച സിനിമയാണ് അങ്കമാലി ഡയറീസെന്നും അച്ഛനോട് ഒറ്റ സിനിമ ചെയ്തുവരാമെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോകുന്നതെന്നും നടി പറയുന്നു. അങ്കമാലി ഡയറീസില്‍ തനിക്ക് കിട്ടിയ കിക്കാണ് ഇനിയും അഭിനയിക്കണമെന്ന തീരുമാനത്തില്‍ എത്തിക്കുന്നതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സാര്‍ സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. സിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാതെ നൃത്തം മാത്രം പ്രൊഫഷനാക്കി കൊണ്ടുപോകുന്ന എന്റെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് സിനിമ എത്തുന്നത്.

അച്ഛനോട് ഒറ്റ സിനിമ ചെയ്തുവരാമെന്ന് പറഞ്ഞാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. അന്ന് ആരാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ ആ ഒറ്റസിനിമയാണ് എന്നെ ഇവിടെവരെ എത്തിച്ചത്. അങ്കമാലി ഡയറീസില്‍ എനിക്ക് കിട്ടിയ കിക്ക് ആണ് ഇനിയും അഭിനയിക്കണം എന്ന തീരുമാനത്തില്‍ എത്തിക്കുന്നത്.

അതൊരു യൂണിവേഴ്‌സിറ്റി തന്നെയാണ്. ലിജോജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്മാനും. ഒറ്റസിനിമ എന്നു പറഞ്ഞുവന്നതുകൊണ്ട് തുടര്‍ന്ന് അഭിനയിക്കാന്‍ വീട്ടുകാരെ കുറച്ചധികം കണ്‍വിന്‍സ് ചെയ്യിപ്പിക്കേണ്ടിവന്നു.

മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയപ്പോഴും അങ്കമാലി ഡയറീസ് എന്ന ഒറ്റ അഡ്രസ്സ് മതിയായിരുന്നു മറ്റുള്ളവര്‍ക്ക് മനസിലാവാന്‍. അത്രയധികം പുറത്തുള്ളവരുടെ ഇടയിലും അങ്കമാലി ഡയറീസിന് സ്‌പേസുണ്ട്,’ ശ്രുതി ജയന്‍ പറയുന്നു.

Content Highlight: Sruthy Jayan Talks About Lijo Jose Pellissery And Angmali Diaries