| Monday, 7th August 2023, 10:29 pm

'മണിരത്നത്തിന്റെ ചിത്രമാണ് അന്ന് ഞാൻ മിസ്സാക്കി കളഞ്ഞത്; ഇനി അതിനെപ്പറ്റിയൊന്നും പറയുന്നില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അധികം ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിൽ കൂടിയും ശ്രുതി എന്ന വളർന്നുവരുന്ന നടിയുടെ കഥാപാത്രങ്ങൾ ആരും മറക്കില്ല. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോലീസുകാരിയും ജൂൺ എന്ന ചിത്രത്തിൽ എല്ലാവരും ഇഷ്ടപ്പെടുന്ന അധ്യാപികയും പ്രേക്ഷകരുടെ മനസ്സിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളാണ്. തന്റെ കരിയറിൽ നഷ്‌ടമായ ഏറ്റവും വലിയ അവസരത്തെക്കുറിച്ച് സംസാരിക്കുകയായണ് ശ്രുതി.

മണിരത്നത്തിന്റെ കടൽ എന്ന ചിത്രത്തിൽ അവസരം കിട്ടിയിട്ടും അഭിനയിക്കാൻ കഴിഞ്ഞില്ലെന്ന് ശ്രുതി പറഞ്ഞു. താൻ കലാക്ഷേത്രയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അവസരം ലഭിച്ചതെന്നും അവിടുത്തെ നിയമ പ്രകാരം അധ്യാപികമാർ അഭിനയിക്കാൻ പാടില്ലായിരുന്നെന്നും ശ്രുതി പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ചെറുപ്പത്തിൽ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഫ്രണ്ട്സിനോടൊക്കെ ഞാൻ സിനിമ നടി ആകുമെന്ന് പറഞ്ഞിരുന്നു.

പത്താം ക്ലാസ്സിന് ശേഷം ഞാൻ ഡാൻസ് ഒരു പ്രൊഫഷനായി എടുത്തു. അവിടുത്തെ അധ്യാപികമാർ എന്നോട് പറയുമായിരുന്നു സിനിമയിൽ ട്രൈ ചെയ്‌തൂടെയെന്ന്.

ആ സമയത്ത് എനിക്ക് വലിയൊരു അവസരം വന്നതാണ്. അത് ഞാൻ മിസ് ആക്കി. അതിനെപ്പറ്റി ഇനി ഞാൻ ഒന്നും പറയുന്നില്ല (ചിരിക്കുന്നു). ഞാൻ അവിടെ പഠിപ്പിക്കുന്നതുകൊണ്ടാണ് അത് ചെയ്യാൻ പറ്റാതെപോയത്.

അത് മണിരത്നം സാറിന്റെ കടൽ എന്ന ചിത്രമായിരുന്നു. ഞാൻ കലാക്ഷേത്രയിൽ വർക്ക്‌ ചെയ്യുകയായിരുന്നു. അവിടെ വർക്ക്‌ ചെയ്യുമ്പോൾ പുറത്ത് പോകാനൊന്നും പറ്റില്ലായിരുന്നു. അതുകൊണ്ട് എനിക്ക് അത് ചെയ്യാൻ പറ്റിയില്ല. സിനിമ എനിക്ക് വർക്കാവില്ലെന്ന് അന്ന് ഞാൻ കരുതിയതാണ്.

അടൂർ സാറിന്റെ ചിത്രത്തിൽ ഒക്കെ അഭിനയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. കുറച്ച് സീരിയസ് ആയിട്ടുള്ള ചിത്രങ്ങളോടായിരുന്നു എനിക്ക് താൽപര്യം. എന്തായാലും ഒത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും എനിക്ക് സിനിമയിലേക്ക് എത്താൻ സാധിച്ചു,’ ശ്രുതി പറഞ്ഞു.

സുജയ് മോഹൻരാജ് തിരക്കഥയെഴുതി സി.സി. നിതിൻ സംവിധാനം ചെയ്ത കൊറോണ ധവാൻ ആണ് ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രം. ലുക്മാനെ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ ഡേവിസ്, ശ്രുതി ജയൻ, സീമ ജി.നായർ, ഉണ്ണി നായർ, സിനോജ് വർഗീസ്, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, സുനിൽ സുഗത, ശിവാജി ഗുരുവായൂർ, ജെയിംസ് ജോൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Sruthi on missed Manirathnam movie

We use cookies to give you the best possible experience. Learn more