| Sunday, 24th March 2024, 8:09 am

അപ്പ അന്ന് ചെയ്ത സിനിമ ഈയടുത്ത് ഒന്നുകൂടെ കണ്ടു, കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്നേ അതിനെപ്പറ്റി പറയാനുള്ളൂ: ശ്രുതി ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ചാം വയസില്‍ പിന്നണിഗാനരംഗത്തെത്തിയ ആളാണ് ശ്രുതി ഹാസന്‍. തേവര്‍ മകന്‍ എന്ന സിനിമയിലെ പാട്ടിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ശ്രുതി, പിന്നീട് നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. 2009ല്‍ അഭിനയരംഗത്തും സജീവമായ താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി സിനിമകളിലും അഭിനയിച്ചു.

ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന തമിഴ് സിനിമക്ക് സംഗീതം നല്‍കി സംഗീത സംവിധാനത്തിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. തമിഴിലെ യുവ സംവിധായകരിലൊരാളായ ലോകേഷ് കനകരാജിനെ നായകനാക്കി ഒരു മ്യൂസിക്കല്‍ ആല്‍ബവും താരം ചെയ്തു. കമല്‍ ഹസനാണ് ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ വരികള്‍ എഴുതിയത്.

ഇനിമേലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവുമ ഇഷ്ടമുള്ള സിനിമകളെക്കുറിച്ച് താരം സംസാരിച്ചു. കമല്‍ ഹാസന്‍ ചെയ്ത സിനിമകളില്‍ പുഷ്പക് (തമിഴില്‍ ‘പേസും പടം’) ഈയിടെയാണ് കണ്ടെതെന്നും അന്നത്തെ കാലത്ത് ഇങ്ങനെയൊരു സിനിമ ചെയ്യുക എന്നത് വിലയൊരു ടാസ്‌ക് ആയി തോന്നിയെന്നും ശ്രുതി പറഞ്ഞു.

കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്നേ പുഷ്പകിനെപ്പറ്റി പറയാനുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതാണെന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘അപ്പാ ചെയ്ത സിനിമകളില്‍ ഒരുവിധം സിനിമകളെല്ലാം ഇഷ്ടമാണ്. പക്ഷേ ഈയടുത്താണ് പുഷ്പക് കണ്ടത്. ഞെട്ടിച്ചു കളഞ്ഞ സിനിമയായിരുന്നു. ശബ്ദ സിനിമകള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്ന സമയത്ത് ഒരു സൈലന്റ് ഫിലിം എടുക്കുക എന്ന് പറഞ്ഞാല്‍ അതൊരു ബോള്‍ഡ് അറ്റംപ്റ്റായിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ.

വളരെ പ്രൗഡ് ആയി തോന്നിയ സിനിമയാണത്. ഇപ്പോ കണുമ്പോള്‍ പോലും റിലേറ്റബിളാണത്. അതുപോലെ എനിക്ക് ഇഷ്ടമുള്ള സിനിമയാണ് മഹാനദി. എന്നെ കരയിപ്പിക്കുമെങ്കിലും എനിക്ക് ഇഷ്ടമുള്ള സിനിമയാണത്. അതുപോലെ മൈക്കള്‍ മദന കാമരാജ്. എന്റര്‍ടൈനിങ് ആയിട്ടുള്ള സിനിമയാണത്,’ ശ്രുതി പറഞ്ഞു.

Content Highlight: Sruthi Hasaan about her her favorite movie of Kamal Hassan

Latest Stories

We use cookies to give you the best possible experience. Learn more