അഞ്ചാം വയസില്‍ പിന്നണിഗാനരംഗത്തെത്തിയ ആളാണ് ശ്രുതി ഹാസന്‍. തേവര്‍ മകന്‍ എന്ന സിനിമയിലെ പാട്ടിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ശ്രുതി, പിന്നീട് നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. 2009ല്‍ അഭിനയരംഗത്തും സജീവമായ താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി സിനിമകളിലും അഭിനയിച്ചു.
ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന തമിഴ് സിനിമക്ക് സംഗീതം നല്‍കി സംഗീത സംവിധാനത്തിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. തമിഴിലെ യുവ സംവിധായകരിലൊരാളായ ലോകേഷ് കനകരാജിനെ നായകനാക്കി ഒരു മ്യൂസിക്കല്‍ ആല്‍ബവും താരം ചെയ്തു. കമല്‍ ഹാസനാണ് ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ വരികള്‍ എഴുതിയത്.
തനിക്ക് പാടാനുള്ള കഴിവുണ്ടെന്ന് ആദ്യം കണ്ടുപിടിച്ചത് സംഗീത സംവിധായകന്‍ ഇളയരാജയാണെന്ന് പറയുകയാണ് ശ്രുതി ഹാസന്‍. ഒരിക്കല്‍ ഇളയരാജ വീട്ടില്‍ വന്നപ്പോള്‍ താന്‍ വളരെ ഉറക്കെ അമ്മയോട് വഴക്കുണ്ടാക്കുകയായിരുന്നെന്നും അത് ഇളയരാജ കേട്ടെന്നും ശ്രുതി പറഞ്ഞു. അത് കേട്ട ഇളയരാജ തന്റെ സ്വരം വളരെ സ്‌ട്രോങ്ങ് ആയിട്ടുള്ളതാണെന്നും പാട്ടുപാടുമെന്നും മാതാപിതാക്കളോട് പറഞ്ഞെന്ന് താരം കൂട്ടിച്ചേര്‍ത്തു.
അതിന് ശേഷം ഇളയരാജയുടെ കൂടെ ചില ഗാനങ്ങള്‍ പാടിയിട്ടുണ്ടെന്നും പറഞ്ഞ ശ്രുതി ഇളയരാജ കൂടെയുള്ളത് ഒരു അനുഗ്രഹമാണെന്നും കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍.
‘എന്റെ മാതാപിതാക്കളോട് അവള്‍ക്ക് നല്ല സ്‌ട്രോങ്ങ് ആയിട്ടുള്ള ശബ്ദമാണുള്ളത്, അവള്‍ പാടുമെന്ന് പറയുന്നത് ഇളയരാജ സാറാണ്. അദ്ദേഹം ഒരുവട്ടം ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള്‍ ഞാന്‍ എന്റെ അമ്മയോട് വലിയ ശബ്ദത്തില്‍ കയര്‍ക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനത് മനസിലായത്.
‘അവളുടെ ശബ്ദം വളരെ ഉച്ചത്തിലുള്ളതാണ്, അത് പാടാന്‍ നല്ലതായിരിക്കും’ എന്ന് അദ്ദേഹമാണ് ആദ്യം തിരിച്ചറിയുന്നത്. എന്റെ ആദ്യത്തെ ഗാനം പാടിപ്പിക്കുന്നത് അദ്ദേഹമാണ്. ഇളയരാജ സാറിന്റെ കുറച്ച് പാട്ടുകള്‍ക്ക് ഞാന്‍ ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു സ്‌കൂളില്‍ ആണെന്ന് സങ്കല്‍പ്പിക്കുക. അവിടെയുള്ള ഏറ്റവും ടഫ് ആയിട്ടുള്ള അധ്യാപകനായിരിക്കും ഇളയരാജ സാര്‍. അദ്ദേഹം അടുത്തുണ്ടാകുക എന്ന് പറയുന്നതുതന്നെ വലിയ അനുഗ്രഹമാണ്,’ ശ്രുതി ഹസന്‍ പറയുന്നു.
Content Highlight: Sruthi Haasan Says Ilayaraja Was The First Person To Find Out Her Singing Talent