| Friday, 31st July 2020, 10:42 am

'16 വയസിനു മുന്‍പ് രണ്ട് വര്‍ഷം ആര്‍.എസ്.എസുമായി ബന്ധമുണ്ടായിരുന്നു, പിന്നീട് ഭൗതീക വാദിയായി ': എസ്.ആര്‍.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്ന ബി.ജെ.പി മുഖപത്രത്തിലെ ലേഖനത്തോട് പ്രതികരിച്ച് എസ്. രാമചന്ദ്രന്‍ പിള്ള.  മുന്‍പ് ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

16 വയസ്സിന് മുന്‍പ് രണ്ട് വര്‍ഷം ആര്‍.എസ്.എസ് ശാഖയുമായി ബന്ധമുണ്ടായിരുന്നെന്നും പിന്നീട് ഭൗതീക വാദിയായെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മുഖപത്രത്തില്‍ പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തോടായിരുന്നു എസ്.ആര്‍.പിയുടെ പ്രതികരണം.

‘ആര്‍.എസ്. എസ് ശാഖയുമായി 16 വയസിനു മുമ്പ് രണ്ട് വര്‍ഷം ബന്ധമുണ്ടായിരുന്നു. 16-ാം വയസ്സില്‍ ഭൗതികവാദിയായി. ദേശീയവാദത്തെക്കാള്‍ സാര്‍വ്വദേശീയതയാണ് നല്ലതെന്ന് തീരുമാനിച്ച് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞു. 18-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം കിട്ടി. പല ആശയങ്ങളിലുള്ളവരും അന്ന് കമ്മ്യൂണിസത്തിലേക്ക് തിരിഞ്ഞത് പാര്‍ട്ടിയുടെ കരുത്തിന്റെ തെളിവാണ്’ എസ്.ആര്‍.പി പറഞ്ഞു.

സി.പി.ഐ.എം പി.ബി അംഗമായ എസ്.ആര്‍.പി മുന്‍ ആര്‍.എസ്.എസ് ശിക്ഷകായിരുന്നുവെന്നാണ് ബി.ജെ.പി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. പി ശ്രീകുമാറിന്റെ ലേഖനത്തിലാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവിനും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശങ്കറിനും ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല ആര്‍.എസ്.എസ് ആയിരുന്നില്ലെന്നും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍.എസ്.എസിനെ സ്നേഹിച്ചിരുന്നെന്നും ലേഖനത്തില്‍ പറയുന്നു.

‘ഇനി രമേശ് ആര്‍.എസ്.എസ് ആയിരുന്നു എങ്കില്‍ വല്ലകുഴപ്പവും ഉണ്ടോ. സിപി.ഐ.എമ്മില്‍ കോടിയേരിയേക്കാള്‍ വലിയ നേതാവാണല്ലോ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്.ആര്‍,പി. ആ മാന്യതയക്കു കാരണം അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് സംസ്‌കാരമാണ്എന്നു പറയുന്നവരുമുണ്ട്. ആര്‍.എസ്.എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല, രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍.എസ്.എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് എസ്.ആര്‍.പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്.ആര്‍.പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു,” ലേഖനത്തില്‍ പറയുന്നുണ്ട്.

അതേസമയം ചെന്നിത്തലയ്ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്തെത്തിയിരുന്നു.

ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നായരിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more