| Tuesday, 11th July 2023, 9:40 pm

ഒരു മാറ്റവും ഇല്ലല്ലോ അറ്റ്ലി: ജവാന്‍ ട്രെയ്‌ലറിനും കോപ്പി ആരോപണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
സോഷ്യല്‍ മീഡിയയില്‍ റെക്കോഡുകള്‍ ഭേദിച്ചാണ് ട്രെയ്‌ലര്‍ മുന്നേറുന്നത്. ഇപ്പോഴിതാ ട്രെയ്‌ലറിലെ ഫ്രെയിമുകളില്‍ പലതിനും മറ്റ് നിരവധി സിനിമകളുടെ സാമ്യം
കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വിക്രം ചിത്രം അന്യന്‍, പ്രഭാസ് ചിത്രം ബാഹുബലി തുടങ്ങി അജിത്ത് ചിത്രം വലിമൈയിലെ ഫ്രെയിമുകള്‍ വരെ ജവാന്‍
ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജാവാന്‍ ട്രെയ്‌ലറിലെ ഫ്രെയിമുകളുമായി സാമ്യം വരുന്ന മറ്റ് ചിത്രങ്ങളുടെ സീനുകള്‍ തെളിവായി കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും കോപ്പി വാദങ്ങള്‍ സ്ഥാപിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ അറ്റ്‌ലി ചിത്രങ്ങളിലെ മറ്റ് സിനിമകളുമായിട്ടുള്ള സാമ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

സിനിമകളില്‍ നിന്ന് മാത്രമല്ല ഡി.സി കോമിക്സിന്റെ സൂപ്പര്‍ വില്ലനായ ലൈക്‌സ് ലൂതറിന്റെ ലുക്കുമായി ഷാറുഖാന്റെ ജവാനിലെ ഒരു ലുക്കിന് സാമ്യമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഷാരൂഖ് ഖാന്‍ തല മൊട്ടയടിച്ച ലുക്കിനെയാണ് കോമിക്‌സ് ബുക്കിലെ വില്ലനുമായുള്ള സാമ്യം ചൂണ്ടി കാണിക്കുന്നത്. ഇതിനോടൊപ്പം തന്നെ പ്രശാന്ത് നീല്‍- പ്രഭാസ് ചിത്രം സലാറിന്റെതായി പുറത്തുവന്ന ഒരു സ്റ്റില്ലിനോട് സാമ്യമുള്ള പോസ് ജവാനില്‍ ആവര്‍ത്തിക്കുന്നതായും നിരവധി പേര്‍ പറയുന്നു.

എന്തായാലും ജവാന്‍ ട്രെയ്‌ലറിന്റെ കോപ്പി ആരോപണം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചിട്ടുണ്ട്. രണ്ടര മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ട്രെയ്‌ലര്‍ കണ്ട് മാത്രം ജവാന്‍ സിനിമയേയും സംവിധായകന്‍ അറ്റ്‌ലിയെയും വിലയിരുത്തരുതെന്നും സിനിമ വരട്ടെയെന്നുമാണ് അറ്റ്‌ലി ഷാരൂഖ് ഖാന്‍ ആരാധകരുടെ പക്ഷം.

കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ ഇരുപതിനാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി 112 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

നയന്‍താരയാണ് ജവാനില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സന്ന്യാ മല്‍ഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, കൂടാതെ അതിധി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിധി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകളും ഗംഭീര ഗാനങ്ങളും ഷാരൂഖിന്റെ മിന്നും പ്രകടനങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍
ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight: Srk’s Jawan’s prevue gets trolled for Copied frames

We use cookies to give you the best possible experience. Learn more