പ്രഭാസിന്റേതിന് തുല്യമായ കഥാപാത്രം, പ്രേക്ഷകരെ സ്വാധീനിക്കാന്‍ പോകുന്നത് പൃഥ്വി: ശ്രിയ റെഡ്ഡി
Film News
പ്രഭാസിന്റേതിന് തുല്യമായ കഥാപാത്രം, പ്രേക്ഷകരെ സ്വാധീനിക്കാന്‍ പോകുന്നത് പൃഥ്വി: ശ്രിയ റെഡ്ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st June 2023, 4:33 pm

തെന്നിന്ത്യന്‍ പ്രേക്ഷകരാകെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന സലാര്‍. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് നടി ശ്രിയ റെഡ്ഡി. കെ.ജി.എഫിനെക്കാള്‍ പത്ത് മടങ്ങ് മികച്ച ലോകമാണ് പ്രശാന്ത് നീല്‍ സലാറില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രിയ പറഞ്ഞു. പ്രഭാസിന്റെ കഥാപാത്രത്തോട് തുല്യമായ കഥാപാത്രത്തെയായിരിക്കും പൃഥ്വിരാജ് അവതരിപ്പിക്കുകയെന്നും പ്രേക്ഷകരുടെ കഥയോടുള്ള സമീപനത്തെ തന്നെ സ്വാധീനിക്കാവുന്ന തരത്തില്‍ കാഴ്ചപ്പാടുകളുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേതെന്നും ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ പറഞ്ഞു.

‘സലാറില്‍ പ്രശാന്ത് നീല്‍ മറ്റൊരു ലോകം സൃഷ്ടിച്ചിരിക്കുകയാണ്. അതില്‍ പ്രഭാസും പൃഥ്വിരാജും അവതരിപ്പിക്കുന്ന വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുണ്ടാവും. പ്രശാന്ത് നീല്‍ സൃഷ്ടിച്ച ലോകം കെ.ജി.എഫിനെക്കാളും പത്ത് മടങ്ങ് മികച്ചതായിരിക്കും.

പ്രഭാസിന്റെ കഥാപാത്രത്തോട് തുല്യമായ കഥാപാത്രത്തെയായിരിക്കും പൃഥ്വിരാജ് അവതരിപ്പിക്കുക. പ്രേക്ഷകരുടെ കഥയോടുള്ള സമീപനത്തെ തന്നെ സ്വാധീനിക്കാവുന്ന തരത്തില്‍ കാഴ്ചപ്പാടുകളുള്ള കഥാപാത്രമാണ് പൃഥ്വിരാജിന്റേത്,’ ശ്രിയ പറഞ്ഞു.

നേരത്തെ പുറത്ത് വന്ന പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂക്കിലും കഴുത്തിലും കാതിലും വളയങ്ങളുമായി കട്ട റഫ് ലുക്കിലാണ് നടന്‍. ആകെ കരിപടര്‍ന്നിരിക്കും വിധമുള്ള പോസ്റ്ററില്‍ പൃഥ്വിരാജിന്റെ നെറ്റിയില്‍ ഗോപിയും മുഖത്ത് മുറിപ്പാടുമുണ്ട്. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

പ്രഭാസിനെയും പൃഥ്വിരാജിനെയും കൂടാതെ ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫിന്റെ ടീം തന്നെയാണ് സലാര്‍ ഒരുക്കുന്നത്. ഭുവന്‍ ഗൗഡ ക്യാമറയും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ രവി ബസ്റൂറാണ് സംഗീതമൊരുക്കുന്നത്.

Content Highlight: sriya reddy about salaar and prithviraj