ബെംഗളൂരു : കർണാടകയിൽ തീവ്ര ഹിന്ദുത്വ പ്രചരണവുമായി ശ്രീരാമസേന. ലവ് ജിഹാദിൽ അകപ്പെട്ടെന്ന് ആരോപിക്കപ്പെട്ട പെൺകുട്ടികൾക്ക് സഹായമെന്ന പേരിൽ പുതിയ ഹെല്പ് ലൈൻ നമ്പർ ആരംഭിച്ചിരിക്കുകയാണ് ശ്രീരാമസേന.
കർണാടക ഹുബ്ബള്ളയിലാണ് ഹെല്പ് ലൈൻ ആരംഭിച്ചത്. ഹുബ്ബള്ള ഉൾപ്പടെ സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിൽ കൂടി ഹെല്പ് ലൈൻ ആരംഭിക്കുന്നുണ്ടെന്ന് സേനയുടെ പ്രസിഡന്റ് പ്രമോദ് മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.
ഹുബ്ബള്ളയിൽ ഇതിനകം രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇത് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും പ്രമോദ് പറഞ്ഞു.
ലവ് ജിഹാദ് ബാധിച്ചവർക്ക് ശ്രീരാമസേന നൽകുന്ന ഹെല്പ് ലൈൻ നമ്പറിൽ ഏത് സമയം വേണമെങ്കിലും ബന്ധപ്പെടാമെന്നും ഹെല്പ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഹെല്പ് ലൈൻ വഴി കൗൺസിലർമാരുടെയും സേനാപ്രവർത്തകരുടെയും ഒരു സംഘം പെൺകുട്ടികളോട് സംസാരിക്കും. പെൺകുട്ടികളുടെ പരാതികൾ അവർ കേൾക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യും. ഹിന്ദു പെൺകുട്ടികൾക്ക് ജിഹാദി ചിന്ത ഉള്ളവരിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ശ്രീരാമസേന അവർക്കൊപ്പം ഉണ്ടാകും. അതാണ് ഞങ്ങളുടെ ഹെല്പ് ലൈൻ ലക്ഷ്യമിടുന്നത്. നിർബന്ധിത മതപരിവർത്തനത്തെ തടയാനും ഹെല്പ് ലൈൻ സഹായിക്കും,’ പ്രമോദ് പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷമാണ് ലവ് ജിഹാദ് വർധിച്ചതെന്നും ഹെല്പ് ലൈൻ വഴി അത് തടയാനാകുമെന്നും ശ്രീരാമ സേനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് ഷെട്ടി അടയാർ ആരോപിച്ചു.
അനുദിനം രാജ്യത്ത് നൂറുകണക്കിന് പെൺകുട്ടികൾ ലവ് ജിഹാദിന് വിധേയമാക്കപ്പെടുന്നുണ്ടെന്നാണ് ശ്രീരാമസേനയുടെ വാദം.
അതേ സമയം സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതിലൂടെ മനപ്പൂർവം വർഗീയയ വിദ്വേഷം ജനങ്ങളിൽ ഉണ്ടാക്കാനാണ് ശ്രീരാമസേന ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു.
ലവ് ജിഹാദിനെതിരെ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് കർണാടക പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Sriramsena launches helpline number for Hindu girls affected by love jihad