| Sunday, 4th August 2019, 6:11 pm

ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റും. മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ ശേഷമാണ് തിരുവനന്തപുരം സബ് ജയിലിലേയ്ക്ക് മാറ്റുന്നത്.

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാനുള്ള നടപടി ക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനു വേണ്ടി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ശ്രീറാമിന് കാര്യമായ ആരോഗ പ്രശ്‌നങ്ങള്‍ ഇല്ലെന്നു തെളിഞ്ഞതു കൊണ്ടാണ് സബ് ജയിലിലേയ്ക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

സാരമായ പരിക്കേറ്റ രോഗിയെ പോലെ സ്‌ട്രെച്ചറില്‍ ആയിരുന്നു ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സിലേയ്ക്ക് മാറ്റിയത്. ആംബുലന്‍സില്‍ വെച്ചാണ് മജിസ്‌ട്രേറ്റ് ശ്രീറാമിന്റെ മൊഴിയെടുത്തത്.

ശ്രീറാമിന്റെ വിഷയത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. റിമാന്‍ഡ് പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീറാമിന പൊലീസ് കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ തയ്യാറായത്.

ശ്രീറാമിന്റെ പരിക്കിനെ സംബന്ധിച്ചോ ചികിത്സയുടെ വിശദാംശങ്ങളെ സംബന്ധിച്ചോ ഒരു വിശദീകരണവും പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പൊലീസ് കിംസ് ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്ന ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more