| Friday, 11th October 2019, 5:53 pm

ആ പൊള്ളല്‍ തെളിയിക്കും ശ്രീറാമിന്റെ വിധി; അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിലെ പൊള്ളല്‍ എയര്‍ബാഗ് മൂലമാവാം; ഡ്രൈവറാരെന്ന് കണ്ടെത്താന്‍ നിര്‍ണായക തെളിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാവണം വണ്ടിയോടിച്ചതെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്. അപകടമുണ്ടായപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യില്‍ ചെറിയ പൊള്ളലുണ്ടായി. ഇത് കേസില്‍ നിര്‍ണായക തെളിവാകുമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

സ്റ്റിയറിങ് വീലില്‍ പിടിച്ചിരിക്കേ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ കയ്യില്‍ പൊള്ളലേല്‍ക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എയര്‍ബാഗ് തുറന്ന് അതിനുള്ളിലെ പൗഡര്‍ ശരീരവുമായി ഉരയുമ്പോള്‍ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു കാര്‍ നിര്‍മാണ കമ്പനികളിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

എയര്‍ബാഗ് തുറന്നപ്പോഴുള്ള പൊള്ളലാണ് ശ്രീറാമിന്റെ കയ്യിലേതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ അത് കേസില്‍ നിര്‍ണായക വഴിത്തിരിവാകും. ശ്രീറാമിന്റെ ഇടതു കയ്യിലെ മണിബന്ധത്തിനു പരുക്കേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വഫയ്ക്കു പരുക്കേറ്റില്ല എന്നതും ശ്രീറാമായിരിക്കാം വണ്ടിയോടിച്ചത് എന്ന സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശ്രീറാമിന്റെ വസ്ത്രങ്ങളും കാറിനുള്ളില്‍നിന്നു ശേഖരിച്ച തെളിവുകളും പരിശോധനക്കായി ഫൊറന്‍സിക് ലാബിനു കൈമാറിയിരിക്കുകയാണ്.

അതേസമയം, അപകടം നടന്ന സമയത്ത് ശ്രീറാമിന്റെ വാഹനത്തിന്റെ വേഗം മനസിലാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം വിജയിച്ചില്ല. ശ്രീറാം സഞ്ചരിച്ച കാറില്‍ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ ഇല്ലാത്തതിനാല്‍ വേഗം മനസ്സിലാക്കാനുള്ള സാധ്യത കുറവാണെന്നാണ് കാര്‍ നിര്‍മാണ കമ്പനിയുടെ വിശദീകരണം.

കാറോടിച്ചത് വഫയായിരുന്നെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീറാം വീണ്ടും കള്ളം ആവര്‍ത്തിക്കുകയാണെന്നും അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടിക് ടോകിലൂടെയായിരുന്നു വഫയുടെ പ്രതികരണം. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് വഫാ ഫിറോസ് ആണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയതോടെയാണ് വഫ ടിക് ടോക് വഴി വീണ്ടും രംഗത്തെത്തിയത്.

അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. താന്‍ എന്താണോ പറഞ്ഞത് അതില്‍ മാറ്റമില്ല. ഇനി എന്താണ് തനിക്ക് നാളെ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും വഫ ഫിറോസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീറാമിന് പവര്‍ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാം. ഞാനൊരു സാധാരണക്കാരിയാണ്. ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.. ഇതെല്ലാം എവിടെ? എന്ത് കാരണത്തലാണ് കള്ളം ആവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും വഫ വിഡിയോയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more